p-s-sreedharan-pillai

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറാകുന്ന സാഹചര്യത്തിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തേക്ക് കെ. സുരേന്ദ്രന്റെയും കുമ്മനം രാജശേഖരന്റെയും പേരുകൾ പരിഗണിക്കുമെന്നാണ് പാർട്ടി നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന. 2018 മേയിൽ കുമ്മനത്തെ മിസോറം ഗവർണറായി നിയമിച്ചതിന് ശേഷം ജൂലായിൽ ശ്രീധരൻപിള്ള അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. മാത്രമല്ല ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശങ്ങൾക്കിടയിലാണ് കേന്ദ്രം കുമ്മനത്തെ മിസോറാമിലേക്കയച്ചത്.

തിരഞ്ഞെടുപ്പിന് ശേഷം കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ശബരിമല വിഷയമായിരുന്നു ശ്രീധരൻപിള്ളയ്ക്ക് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. സംഭവത്തിൽ ജനവികാരം ബി.ജെ.പിയോടാണെന്നുള്ള പ്രതീതി ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ ബി.ജെ.പി പരാജയപ്പെടുകയാണ് ഉണ്ടായത്. ശബരിമലയടക്കമുള്ള വിഷയങ്ങൾ കിട്ടിയിട്ടും ഒരു സീറ്റുപോലും നേടാൻ പറ്റാത്തത് ശ്രീധരൻപിള്ളയ്ക്കെതിരെ വിമർശനങ്ങൾ ഉയരാൻ കാരണമായി. തുടർന്ന് നടത്തിയ പ്രവർത്തനങ്ങളിലും ബി.ജെ.പിക്ക് പച്ചപിടിക്കാൻ കഴിഞ്ഞില്ല.

നിയമസഭാ ഉപതിര‌ഞ്ഞെടുപ്പിലും ശബരിമല വിഷയം ഉയർത്തിക്കാട്ടിയെങ്കിലും ബി.ജെ.പി ഒരു സീറ്റ് പോലും പിടിക്കാനായില്ല. കോന്നിയിൽ കെ. സുരേന്ദ്രന്റെ വോട്ട് വിഹിതം കൂട്ടാൻ കഴിഞ്ഞത് മാത്രമാണ് ആകെ പറയാനുള്ളത്. ഈ സാഹചര്യത്തിലാണ് ശ്രീധരൻപിള്ള ഗവർണറായി മിസോറാമിലേക്ക് പോകുന്നത്. അതേസമയം അദ്ധ്യക്ഷ പദവിയിലേക്ക് കൂടുതൽ ഉയർന്നു കേൾക്കുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ പേരാണ്. പ്രവർത്തനങ്ങളും ജനപിന്തുണയും കണക്കിലെടുത്ത് കെ. സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന.

ദേശീയ നേതൃത്വത്തിനും സുരേന്ദ്രൻ വരുന്നതിനോട് വിയോജിച്ച് ഉണ്ടാകാൻ സാദ്ധ്യതയില്ല. കുമ്മനം ഒഴിഞ്ഞതിന് പിന്നാലെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ നടത്തിയ ശ്രമം ആർ.എസ്.എസിന്റെ എതിർപ്പുമൂലം പരാജയപ്പെട്ടിരുന്നു. ഇപ്രാവശ്യവും ആർ.എസ്.എസ് നേതൃത്വം കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തിക്കാനുള്ള നീക്കമുണ്ടെന്നും ബിജെപി വൃത്തങ്ങളിൽ സൂചന ലഭിക്കുന്നു. ലോക്സഭ തിര‍ഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കുമ്മനത്തിന് സ്ഥാനങ്ങളൊന്നും പാർട്ടി നൽകിയിട്ടില്ല എന്നതും ഇതിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം എം.ടി രമേശിന് വേണ്ടി പി.കെ കൃഷ്ണദാസ് പക്ഷവും രംഗത്തെത്തിയിട്ടുണ്ട്.