ശനി!
നിൻ കുനേത്രങ്ങളിനിയും
കടാക്ഷം ചൊരിഞ്ഞേ നിൽപ്പൂ.
ഭ്രമണപഥത്തിൽ
മുടന്തുകാൽ നീട്ടി നീ
തീരാത്ത യാത്ര തുടരുമ്പോഴും,
എന്തിനീ ശ്യാമഭൂമിയിൽ,
നിഴലിൽ ഇഴഞ്ഞേറും ജന്മങ്ങളിൽ നിന്റെ
വക്രകടാക്ഷം ചൊരിയുന്നു പിന്നെയും?
നീ പൂർണനായും പരോക്ഷനായും പി-
ന്നപഹാരനായും ഗ്രസിക്കുന്നു ഞങ്ങളെ.
കർമ്മദോഷങ്ങളെ പഴിചാരി, നക്ഷത്ര-
രാഹുകേതുക്കളിൽ വർഷങ്ങൾ ആഴ്ത്തിയും
ജന്മശാപങ്ങൾ വിഴുപ്പായ് ചുമന്നും
രാശിപ്പിഴകളിൽ കുരുതിയായി വീണും
ആയുസിവിടെയൊടുങ്ങുന്നതറിയാതെ.
ശാന്തികർമ്മങ്ങൾ പിഴയ്ക്കുന്നു, ദോഷങ്ങൾ
പരിഹാരമില്ലാതുഴലുന്നു പിന്നെയും.
ശുഭതാരകങ്ങളും ഭാഗ്യഗ്രഹങ്ങളും
പാപഗോളങ്ങൾക്കു പിന്നിൽ പിടയുന്നു.
ഗ്രഹണമാണെന്നും, വരും വരും നല്ലനാൾ
എന്ന നിതാന്തപ്രതീക്ഷയിൽ കാലവും
കർമ്മകാണ്ഡങ്ങളും നീളുന്നു, ജീവിതം-
ഉപശാന്തിയറ്റ ഭൂതാവിഷ്ടനാളുകൾ.
ദുർമന്ത്രവാദങ്ങൾ നീറ്റും ഹോമപ്പുര.
ഉച്ചാടനം കഴിഞ്ഞുജ്ജീവനം നേടാൻ
ദാഹിച്ചു കാക്കും വൃഥാസ്വപ്നചാതകം.