മംഗളൂരു: വിവാഹവാഗ്ദാനം നല്‍കി യുവതികളെ മാനഭംഗപ്പെടുത്തിയശേഷം സയനൈഡ് നൽകി കൊന്ന് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് വധശിക്ഷ. ബണ്ട്വാൾ കന്യാന സ്വദേശി മോഹൻകുമാറെന്ന് സയനൈഡി മോഹനെയാണ് വധശിക്ഷ വിധിച്ചത്. നാലാമത്തെ വധശിക്ഷയാണിത്. 17ാമത്തെ കേസിലാണ് ഈ വിധി. പലകേസുകളിലായി 13 ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ് സയനൈഡ് മോഹൻ.
ബണ്ട്വാള്‍ ബലെപുനിയിലെ അംഗൻവാടി അസിസ്റ്റന്റായ ശശികലയെ(26) കൊലപ്പെടുത്തിയ കേസിലാണ് ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സയ്യിദുന്നീസ വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകൽ, മാനഭംഗം, കൊലപാതകം, വിഷംകുടിപ്പിക്കൽ, ആഭരണങ്ങൾ കവരൽ, വഞ്ചന, തെളിവുനശിപ്പിക്കൽ എന്നി കുറ്റങ്ങളിലാണ് വധശിക്ഷ.
2005ലാണ് മോഹൻ 17-ാം കൊലപാതകം നടത്തിയത്. ബി.സി റോഡ് ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി മോഹൻ അടുപ്പം സ്ഥാപിച്ചു. തുടർന്ന് ഒക്ടോബർ 21ന് വിവാഹത്തിനെന്നുപറഞ്ഞ് ബംഗളൂരുവിലേക്കു കൊണ്ടുപോയി. യുവതിയുടെ മുഴുവൻ ആഭരണങ്ങളുമെടുക്കാൻ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ശൃംഗേരിയിൽ വിനോദയാത്ര പോകുന്നുവെന്നാണ് യുവതി വീട്ടിൽ പറഞ്ഞത്. ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുത്ത് ശാരീരികബന്ധത്തിലേർപ്പെട്ടശേഷം പിറ്റേന്നുരാവിലെ ബസ് സ്റ്റാൻഡിലെത്തി. ഗർഭിണിയാകാതിരിക്കാനുള്ള മരുന്നെന്നുപറഞ്ഞ് സയനൈഡ് ഗുളിക നൽകി. ഇതുകഴിച്ചാൽ ഛർദിക്കാൻ സാധ്യതയുള്ളതിനാൽ ബാത്ത്‌റൂമിൽ പോയി കഴിക്കാനും പറഞ്ഞു. ഇതനുസരിച്ച യുവതി ഗുളിക കഴിച്ചയുടൻ കുഴഞ്ഞുവീണുമരിച്ചു.
മോഹൻകുമാർ മുറിയില്‍ തിരിച്ചെത്തി യുവതിയുടെ ആഭരണങ്ങളുമായി നാട്ടിലേക്കു മടങ്ങി. തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം അഞ്ചുദിവസത്തിനുശേഷം പോലീസ് സംസ്‌കരിക്കുകയും ചെയ്തു. വിനോദയാത്രയ്‌ക്കെന്നുപറഞ്ഞ് പോയ യുവതി തിരിച്ചെത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ മംഗളൂരു കൊണാജെ പൊലീസിൽ പരാതി നല്‍കി.
2009 സെപ്റ്റംബർ 21ന് മറ്റൊരു കേസിൽ മോഹൻകുമാർ പിടിയിലായതോടെയാണ് ശശികലയടക്കം 20 യുവതികളെ ഇയാൾ സമാനരീതിയില്‍ കൊലപ്പെടുത്തിയ വിവരം പുറത്തുവരുന്നത്. ശശികലയെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കായി 41 സാക്ഷികളെയും 67 രേഖകളും കോടതിയില്‍ ഹാജരാക്കി. ലീലാവതി(32), ബരിമാറിലെ അനിത(22), സുള്ള്യ പെരുവാജെയിലെ സുനന്ദ(25) എന്നിവരെ കൊന്ന കേസുകളിലാണ് മോഹൻകുമാറിന് മുമ്പ് വധശിക്ഷ ലഭിച്ചത്.