മലപ്പുറം : താനൂരിൽ മുസ്‍ലിം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിന്റെ കൊലപാതകത്തിൽ സി.പി.എം നേതാവ് പി. ജയരാജൻ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്‍ലിം ലീഗ് രംഗത്ത്. പി. ജയരാജൻ അഞ്ചുടിയിലെ ഒരു വീട്ടില്‍ പ്രതികൾക്കൊപ്പം ഒത്തുകൂടിയതിന്റെ ചിത്രങ്ങളും യൂത്ത് ലീഗ് പുറത്തുവിട്ടു.
അഞ്ചുടിയിലെ സി.പി.എം പ്രവർത്തകൻ ഷംസുദ്ദീനെ വെട്ടി ഗുരുതരമായി പരുക്കേൽപ്പിച്ചതിലുള്ള വിരോധം തീര്‍ക്കാനാണ് ഇസ്ഹാഖിന്റെ കൊലപാതകമെന്നാണ് നിഗമനം. കഴിഞ്ഞ ആറു മാസമായി പരുക്കുകളോടെ ചികിത്സയിൽ കഴിയുന്ന ഷംസുദ്ദീന്റെ വീട്ടിൽ കഴിഞ്ഞയാഴ്ച പി. ജയരാജനും ചില സി.പി.എം നേതാക്കളും പ്രതികൾക്കൊപ്പം ഒത്തുകൂടിയതിന്റെ തെളിവാണ് യൂത്ത് ലീഗ് പുറത്തുവിട്ടത്. കൊലപാതകത്തിൽ പങ്കെടുത്തുവെന്ന് വ്യക്തമായ സാഹചര്യത്തിൽ പൊലീസ് അറസ്റ്റു ചെയ്ത കുപ്പന്റെപുരയ്ക്കൽ മുഫീസ്, മഷഹൂദ് എന്നിവരും പൊലീസ് തിരയുന്ന ഷഹഷാദുമാണ് ജയരാജനൊപ്പം ചിത്രങ്ങളിലുള്ളത്. ഇവർക്കു പുറമെ ത്വാഹയും അറസ്റ്റിലായിട്ടുണ്ട്.
പി. ജയരാജന് പുറമെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഇ. ജയനേയും ചോദ്യം ചെയ്യണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഷംസുദ്ദീനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതിൽ ഇസ്ഹാഖിനെ പ്രതിപ്പട്ടികയിൽ ഉൾപെടുത്തിയിരുന്നില്ല. എന്നാൽ സംഭവത്തിൽ ഇസ്ഹാഖ് ഗൂഢാലോചന നടത്തിയെന്നും ആക്രമണം നടക്കും മുൻപ് ഫ്യൂസ് ഊരാൻ സഹായിച്ചുവെന്നും സംശയിച്ചാണ് ഇസ്ഹാഖിനെ കാത്തിരുന്ന് കൊലപ്പെടുത്തിയതെന്നാണ് നിഗമനം.