തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മിക്ക റോഡുകളും പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമാവുകയാണ്. ചില റോഡുകളിലെ കുഴികൾക്ക് കിണറുകളോളം ആഴമുണ്ട്. മഴ പെയ്താൽ പിന്നെ ആഴമറിയാതെ ചെന്നു ചാടിക്കൊടുക്കുന്ന ഇരുചക്ര വാഹനക്കാരൊക്കെ മുങ്ങിത്തപ്പി അഴം അറിഞ്ഞിട്ടാണ് പൊങ്ങി വരുന്നത്. മിക്കവാറും റോഡുകളിലൂടെ യാത്ര ചെയ്താൽ വണ്ടിയിലിരുന്ന് ചാടിച്ചാടി നടുവൊടിയും. റോഡ് നികുതി കൊടുത്ത് വാഹനം ഓടിക്കുന്നവരാണ് ഇങ്ങനെ നരകയാത്ര നടത്തുന്നതെന്ന ചിന്ത ലവലേശം സർക്കാരിന് ഇല്ലെന്നു തോന്നും.
ഇങ്ങനെ തകർന്നു കിടക്കുന്ന റോഡുകളെല്ലാം ഈ അടുത്ത കാലത്തൊന്നും നന്നാക്കുന്ന യാതൊരു ലക്ഷണവും കാണാനില്ല. ഉപതിരഞ്ഞെടുപ്പ് നടന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലെ ചില റോഡുകളിലെ കുഴികൾ മാത്രാണ് ഈ അടുത്ത കാലത്ത് 'പഞ്ചറൊ'ട്ടിച്ചത്. ബാക്കിയെല്ലാം തഥൈവ. ട്രാൻസ്പോർട്ട് ബസുകളും സ്കൂൾ വാഹനങ്ങളും ധാരാളം കടന്നു പോകുന്ന തിരക്കേറിയ റോഡുകളാണ് തകർന്നതിലേറെയും. ഇതിനു പുറമെ പൈപ്പിടുന്നതിനു വേണ്ടി കുഴിച്ച് മറിച്ചിട്ടിരിക്കുന്ന റോഡുകൾ വേറെയുമുണ്ട്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഗതാഗത യോഗ്യമല്ലാതെ തന്നെ കിടക്കുന്നു. ചില റോഡുകളുടെ ശോചനീയാവസ്ഥ മാത്രം ഇവിടെ പറയുന്നു.
അമ്പലത്തറ റോഡ്
പകൽ ഒരു മണിക്കൂറിൽ കടന്നു
പോകുന്ന വാഹനങ്ങൾ 4800
ട്രാൻസ്പോർട്ട് ബസ് സർവീസുകൾ 130
ബസുകൾ - കോവളം, വിഴിഞ്ഞം,
കളിയിക്കാവിള, വെങ്ങാനൂർ, വെള്ളായണി.
അമ്പലത്തറ അമ്പല'ക്കുള"മായി വിദേശികൾക്ക് കുലുങ്ങിക്കുലുങ്ങി കോവളത്തു പോകാം
ടൂറിസം സീസൺ തുടങ്ങാറായി. നഗരത്തിലെത്തുന്ന വിദേശ സഞ്ചാരികളുൾപ്പെടെയുള്ളവർ കോവളത്തേക്കു പോകുന്ന പ്രധാന റോഡ് തിരുവല്ലം വരെ പഞ്ചറായി കിടക്കുന്നു. കിഴക്കേകോട്ട യാത്ര തുടങ്ങിയാൽ ബസിലായാലും ആട്ടോറിക്ഷയിലായാലും തുള്ളിത്തുള്ളി പോകേണ്ടി വരും. മുന്നിൽ പോകുന്ന വാഹനം കുഴി കണ്ട് പെട്ടെന്ന് ബ്രേക്കിടുമ്പോഴും അതിൽ വീഴാതെ ഒഴിഞ്ഞു മാറി പോകുമ്പോൾ പിറകെയുള്ള വാഹനം വന്നിടിക്കുന്നതും നിത്യസംഭവമാണ്. അട്ടക്കുളങ്ങര കഴിഞ്ഞ് മണക്കാട് എത്തുമ്പോഴേക്കും വാഹനം കുഴികളിൽ വീണു തുടങ്ങും കമലേശ്വരം പിന്നിട്ട് അമ്പലത്തറയെത്തുമ്പോഴേക്കും പണി പാളും. റോഡെന്ന് പറയാനേ പറ്റാത്ത അവസ്ഥ.
ഈഞ്ചയ്ക്കൽ - ശ്രീവരാഹം റോഡ്
പകൽ ഒരു മണിക്കൂറിൽ കടന്നു
പോകുന്ന വാഹനങ്ങൾ 4800
ട്രാൻസ്പോർട്ട് ബസ് സർവീസുകൾ 130
ബസുകൾ - കോവളം, വിഴിഞ്ഞം,
കളിയിക്കാവിള, വെങ്ങാനൂർ, വെള്ളായണി.
ശ്രീവരാഹത്ത് ഇന്നലെ വീണ് പരിക്കേറ്റത്രണ്ട് പെൺകുട്ടികൾക്ക്
നാഷണൽ ഹൈവേയെ കോവളം - കഴക്കൂട്ടം ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന അട്ടക്കുളങ്ങര- ശ്രീവരാഹം റോഡിൽ വീണ് ഇന്നലെയും രണ്ടു പേർക്ക് പരിക്ക്. ശ്രീവരാഹം പാലത്തിനടുത്തുള്ള വലിയ കുഴിയിൽ വീഴാതിരിക്കാനായി പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ വണ്ടിയോടിച്ച പെൺകുട്ടിയും പിറകിലിരുന്ന കൂട്ടുകാരിയും റോഡിൽ തെറിച്ചു വീണു. പടിഞ്ഞാറെ നടയിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ അതുവഴിയുണ്ടായിരുന്ന ബസ് സർവീസുകളെല്ലാം ഇപ്പോൾ ഇതു വഴിയാണ് പോകുന്നത്.
കാറുൾപ്പെടെയുള്ള വാഹനങ്ങളുടെ അടിഭാഗം അടിച്ചിളകുന്ന പാകത്തിലാണ് പാലത്തിനടുത്തും തൊട്ടപ്പുറത്ത് സുബാഷ് നഗർ ഭാഗത്തുമുള്ള റോഡിലെ കുഴികൾ. പാലത്തിനടുത്തുള്ള കുഴിയിൽ വീണ് കൂടുതൽ പേർ അപകടത്തിൽ പെടാതിരിക്കാൻ സമീപവാസിയായ സുശീലൻ കുറച്ച് മണ്ണും കല്ലുമൊക്കെ കൊണ്ടിട്ടു. ഒരു തത്കാലികാശ്വാസം. ശാശ്വതമായ പരിഹാരത്തിന് സർക്കാർ തന്നെ മനസുവയ്ക്കണം.
ഓരോ പത്തു മീറ്ററിലും കുഴികൾ
പൊട്ടിപ്പൊളിഞ്ഞ് കുഴികളുമായി കിടക്കുന്ന റോഡിന്റെ ഒരു ഭാഗം പിന്നിട്ടാൽ പിന്നെ അടുത്ത പത്തു മീറ്ററിൽ തന്നെ കാണാം വീണ്ടും പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. കൈമനം - തിരുവല്ലം റോഡിനാണ് ഈ അവസ്ഥ. റോഡിന്റെ കുരുമം ഭാഗത്താണ് കുഴികൾ ഏറ്രവും അപകടകരമായ നിലയിൽ കിടക്കുന്നത്. ഇടയ്ക്ക് അറ്റകുറ്റപ്പണി ചെയ്ത സ്ഥലങ്ങളിൽ പോലും കുഴികൾ. മരുതൂർക്കടവ് പാലത്തിനടുത്തുള്ള റോഡിലുമുണ്ട് കുഴികൾ.
പൂജപ്പുര റോഡ്
ഒരു മണിക്കൂറിൽ കടന്നു പോകുന്ന
വാഹനങ്ങൾ 5400
ട്രാൻസ്പോർട്ട് ബസ് സർവീസുകൾ 143
ബസുകൾ - കാട്ടാക്കട, പേയാട്, മലയിൻകീഴ്,
തിരുമല, മുടവൻമുകൾ
ആരു ഭരിച്ചാലം ഇതു തന്നെ അവസ്ഥ
പൂജപ്പുര - തിരുമല റോഡിന്റെ ചിത്രങ്ങൾ പകർത്തുന്നതിനിടെ കടന്നു പോയ വഴിയാത്രക്കാരൻ നിരാശയോടെയാണ് പറഞ്ഞത്- ആരു ഭരിച്ചാലും ഈ റോഡിന്റെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്. തിരുമല നിന്നു പൂജപ്പുരയിലേക്കു വരുമ്പോൾ പാങ്ങോടു തിരിയുന്ന ഭാഗത്തു റോഡ് തകർന്നു കിടപ്പുണ്ട്. പൂജപ്പുര ഇന്ത്യൻ ബാങ്കിനു മുൻ വശം ആകെ തരിപ്പണമാണ്. പൂജപ്പുര റൗണ്ടിൽ കുഴികളേ ഉള്ളൂ. പരീക്ഷാഭവനു മുന്നിലും രാജീവ്ഗാന്ധി ജൈവ സാങ്കേതിക കേന്ദ്രത്തിലേക്കു തിരിയുന്ന ഭാഗത്തുമെല്ലാം റോഡ് പൊളിഞ്ഞിട്ട് കാലമേറെയായി. ജഗതി ജംഗ്ഷനു സമീപം കുഴികൾ കൊണ്ടൊരു 'ഗുണ"മുണ്ട്. വണ്ടികളൊന്നും സ്പീഡിൽ പോകില്ല. നിറുത്തി മെല്ലെ ഉരുട്ടിയേ പോകൂ. അല്ലെങ്കിൽ വിവരമറിയും.
വെൺപാലവട്ടത്ത് തോടേ ഉള്ളൂ!
ആനയറ- വെൺപാലവട്ടം റോഡ് തോടുപോലെ കിടപ്പായിട്ട് എത്രയോ കാലമായി. ഈ റോഡ് വികസിപ്പിക്കാൻ പദ്ധതിയുള്ളതിനാലാണ് ഇങ്ങനെയിട്ടിരിക്കുന്നതെന്നാണ് അധികൃതരുടെ വാദം. എന്നാൽ വികസന പ്രവർത്തനങ്ങൾ സർവേ നടപടികളിലൊതുങ്ങി നിൽക്കുകയാണ്. വെൺപാലവട്ടം പ്രദേശത്ത് മഴ പെയ്താലും ഇല്ലെങ്കിലും തോടു പോലെയാണ് കിടക്കുന്നത്.
ആനയറ - വെൺപാലവട്ടം
ഒരു മണിക്കൂറിൽ
കടന്നു പോകുന്ന
വാഹനങ്ങൾ
2160
ട്രാൻസ്പോർട്ട് ബസ്
സർവീസുകൾ
126
ബസുകൾ - കരിക്കകം,
വെൺപാലവട്ടം,
ഒരുവാതിൽകോട്ട