തിരുവനന്തപുരം: നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന ഫൈൻ ആർട്സ് കോളേജിലെ കാര്യങ്ങൾ അത്ര കളറല്ല. ബാച്ചിലർ ഒഫ് ഫൈൻ ആർട്സ്, മാസ്റ്റർ ഒഫ് ഫൈൻ ആർട്സ് കോഴ്സുകളിലായി മുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കലാലയത്തിൽ ഡ്രെയിനേജ് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. വിദ്യാർത്ഥികളിൽ പലരും ഡെങ്കിപ്പനിയും ചിക്കൻപോക്സും പിടിപെട്ട് ആശുപത്രിയിൽ ചികിത്സ തേടി. പ്രിൻസിപ്പലിനോടും ഹോസ്റ്റലിന്റെ ചുമതലയുള്ളവരോടും പരാതിപ്പെട്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. കോളേജിലെ ഡ്രെയിനേജ് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് ഒരുവർഷമായി. തുടക്കത്തിൽ തന്നെ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കുറെക്കാലമായി ഇങ്ങനെയല്ലേ എന്ന മറുപടിയാണ് വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടിവന്നത്. വിദ്യാർത്ഥികൾക്ക് പനി പിടിച്ചകാര്യം പുറത്തുവന്നതോടെ കോർപറേഷനിൽ നിന്ന് അധികൃതരെത്തി പുകയിട്ട് കൊതുകിനെ തുരത്താൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് അതുമുണ്ടായില്ല.
കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ
കോളേജിന്റെ കവാടം കടന്നുള്ള ഇടിഞ്ഞുപൊളിഞ്ഞ റോഡ് കടന്ന് ഇടത്തേക്ക് തിരിഞ്ഞ് നേരെ നടന്നാൽ ഡിപ്പാർട്ട്മെന്റ് ഒഫ് അപ്ളൈഡ് ആർട്സ് എന്ന രണ്ടുനില കെട്ടിടം കാണാം. ഈ കെട്ടിടത്തിന്റെ ഇടതുവശത്തു കൂടിയാണ് ഡ്രെയിനേജ് പൊട്ടിയൊലിക്കുന്നത്. ഒന്നും രണ്ടും വർഷ ബി.എഫ്.എ വിദ്യാർത്ഥികളുടെ ക്ളാസുകളാണ് ഈ കെട്ടിടത്തിൽ നടക്കുന്നത്. ഇവിടത്തെ കാറ്റിനു പോലും പൊട്ടിയൊലിക്കുന്ന ഡ്രെയിനേജിന്റെ 'സുഗന്ധ'മാണ്. ഇടതുകൈകൊണ്ട് മൂക്കുപൊത്തിയും വലതുകൈ കൊണ്ട് എഴുതുകയും വരയ്ക്കുകയും ചെയ്യുകയാണ് വിദ്യാർത്ഥികൾ. കാർമേഘം മൂടുമ്പോൾ വിദ്യാർത്ഥികളുടെ ചങ്കിടിക്കാൻ തുടങ്ങും. മഴ പെയ്ത് വെള്ളം കൂടി എത്തുന്നതോടെ പൊട്ടിക്കിടക്കുന്ന ഡ്രെയിനേജ് കെട്ടിടത്തിന് വശത്തുകൂടി വഴിയിലേക്ക് ഒഴുകിയിറങ്ങും. ഇതോടെ കാൽനട യാത്ര പോലും ദുഷ്കരമാകും.
ഡെങ്കിക്കും ചിക്കുൻഗുനിയയ്ക്കും വെൽകം
ഡ്രെയിനേജ് കെട്ടിക്കിടക്കുന്നിടത്ത് കൊതുകുകൾ പെറ്റുപെരുകിയിട്ടുണ്ട്. പരിസരപ്രദേശമാകെ കാടുപിടിച്ചതിനാൽ ഇഴജന്തുക്കളും ഭീഷണി ഉയർത്തുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തെ തുടർന്ന് നാല് വിദ്യാർത്ഥികൾ ഡെങ്കിപ്പനിയും ചിക്കൻപോക്സും പിടിപെട്ട് ആശുപത്രിയിലാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മൂന്ന് വിദ്യാർത്ഥികൾ അവധിയെടുത്ത് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി.
ബോയ്സ് ഹോസ്റ്റലിലും കാര്യങ്ങൾ വെടിപ്പല്ല
കോളേജിൽ ആൺകുട്ടികൾക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യമുള്ളത്. പൊതുവേ ആൺകുട്ടികളുടെ ഹോസ്റ്റലാണ് വൃത്തിഹീനമായി കാണാറ്. എന്നാൽ ഹോസ്റ്റലിന് പുറത്ത് പ്ളാസ്റ്റിക് കുപ്പികളും കവറുകളും മറ്റും കൂമ്പാരമായി കിടക്കുകയാണ്. കുപ്പിവെള്ളം വാങ്ങി കുടിച്ച ശേഷം കുപ്പികൾ കളയാൻ സ്ഥലമില്ലാത്തതാണ് പ്രധാനപ്രശ്നം. ഇവ നിർമ്മാർജ്ജനം ചെയ്യണമെന്ന് വിദ്യാർത്ഥികൾ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും അധികൃതർക്ക് ഒരു കുലുക്കവുമില്ല. കോളേജിൽ നിന്നുള്ള മറ്റ് പ്ളാസ്റ്റിക് മാലിന്യങ്ങളും ബോയ്സ് ഹോസ്റ്റലിന് സമീപത്തെ മരത്തിന് ചുവട്ടിലാണ് അധികൃതർ കൊണ്ടുവന്നു തള്ളുന്നത്.
ബോയ്സ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത് മൂന്നുനില കെട്ടിടത്തിലാണെങ്കിലും ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ല. ഒരു മുറിയിൽ രണ്ടുപേരാണുള്ളത്. എന്നാലിവർക്ക് കിടക്കാൻ കട്ടിൽ നൽകിയിട്ടില്ല. രണ്ട് കട്ടിലും രണ്ട് കസേരയും അത്ര തന്നെ മേശയുമാണ് വേണ്ടത്. ഈ അദ്ധ്യയനവർഷം ആരംഭിച്ചപ്പോൾ കോളേജധികൃതർ കട്ടിലുകളും മേശകളും അറ്റക്കുറ്റപ്പണിക്കായെന്നു പറഞ്ഞ് കൊണ്ടു പോയെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതിനാൽ നിലത്താണ് വിദ്യാർത്ഥികളുടെ ഉറക്കം.
പ്രശ്നം ഗുരുതരമാണ്. സമീപത്തുള്ള പബ്ളിക് ലൈബ്രറി കാന്റീനിലെയും സെപ്ടിക് ടാങ്കിലെയും മാലിന്യങ്ങൾ ശേഖരിക്കുന്ന ടാങ്ക് സ്ഥിതിചെയ്യുന്നത് കോളേജിലാണ്. പി.ഡബ്ളിയു.ഡിയുടെ കെട്ടിടമായതിനാൽ അവരുമായി ചർച്ച ചെയ്ത് പരിഹാരം കാണും -ഷാജി, പ്രിൻസിപ്പൽ