തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ ആസ്ഥാനമന്ദിരം പേട്ട ഗവ. ഹൈസ്കൂളിനു സമീപം നിർമ്മാണം പൂർത്തിയാക്കി. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം 31 ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനായിരിക്കും.
കോൺഫറൻസ്, സെമിനാർ ഹാളുകൾ, വായനശാല, എഡിറ്റോറിയൽ വിഭാഗം, തുല്യതാവിഭാഗം, ബോർഡ് റൂം, പുസ്തകഗോഡൗൺ സൗകര്യങ്ങൾ ഉൾപ്പെടെയുള്ളതാണ് കെട്ടിടം. സെൻട്രലൈസ്ഡ് പഞ്ചിംഗ് സംവിധാനവും സെക്യൂരിറ്റി കാമറകളും ഒരുക്കിയിട്ടുണ്ട്.
പരിസ്ഥിതി സൗഹാർദ്ദ രീതിയിലാണ് നിർമ്മാണം. അന്തരീക്ഷത്തിലെ തണുപ്പ് ഉള്ളിലേക്ക് കിട്ടുന്നതിനായി പുറത്തെ സിമന്റ് പ്ലാസ്റ്ററിംഗ് ഏറക്കുറെ ഒഴിവാക്കി. വൃക്ഷങ്ങൾക്ക് കോട്ടം തട്ടാതെയാണ് കെട്ടിടം രൂപകല്പന ചെയ്തത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമം നിർവഹിച്ചത്. 1998 ഒക്ടോബർ മാസത്തിലാണ് സംസ്ഥാന സാക്ഷരതാമിഷൻ അതോറിട്ടി നിലവിൽ വന്നത്. അന്നു മുതൽ വാടകക്കെട്ടിടങ്ങളിലായിരുന്നു പ്രവർത്തിച്ചിരുന്നത്.