തിരുവനന്തപുരം: ഡ്രെയിനേജ് പൊട്ടിയൊലിക്കുന്ന മലിനജലം ചവിട്ടാതെ പേട്ട റെയിൽവേ സ്റ്റേഷനിലെത്തണമെങ്കിൽ യാത്രക്കാർ അല്പം ഒന്ന് വട്ടം ചുറ്റണം. പേട്ട റെയിൽവേസ്റ്റേഷന് മുൻവശത്തെ ഡ്രെയിനേജ് പൊട്ടിയൊലിക്കുന്നത് സ്ഥിരം സംഭവമായതോടെ സമീപത്തെ പത്രാധിപർ കെ. സുകുമാരൻ സ്മാരക പാർക്ക് വട്ടം ചുറ്റിയാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഭൂരിഭാഗം യാത്രക്കാരും എത്തുന്നത്.
ദിവസവും നൂറുകണക്കിന് യാത്രക്കാരും വാഹനങ്ങളുമെത്തുന്ന സ്റ്റേഷനിലെ ഡ്രെയിനേജ് പൊട്ടിയൊലിക്കുന്നത് സ്ഥിരം സംഭവമായത് യാത്രക്കാരെയും നാട്ടുകാരെയും ഒരുപോലെ ദുരിതത്തിലാഴ്ത്തി. സ്റ്റേഷനിലെ വിശ്രമ മുറിയോട് ചേർന്നുള്ള ഡ്രെയിനേജാണ് പൊട്ടിയൊലിക്കുന്നത്. ഇത് കാരണം സമീപത്തെ പ്രീ പെയ്ഡ് ആട്ടോക്കാരും ദുരിതത്തിലാണ്. മലിനജലം റോഡിലൂടെ പരന്ന് ആട്ടോ സ്റ്റാൻഡിന് സമീപത്തേക്കാണ് എത്തുക. ഇതോടെ മൂക്കുപൊത്താതെ ഇതുവഴി നടക്കാൻ സാധിക്കില്ലെന്നായി.സ്റ്റേഷനിലെ പെയ്ഡ് ടോയ ്ലെറ്റിലെയും വിശ്രമമുറികളുടെ ടോയ്ലെറ്റുകളിലെയും മലിനജലം പോകുന്ന ഡ്രെയിനേജ് ആണ് പൊട്ടിയത്.
സ്റ്റേഷനിൽ രണ്ട് ശുചീകരണത്തൊഴിലാളികൾ ഉണ്ടെങ്കിലും ഡ്രെയിനേജ് പൊട്ടിയാൽ ശരിയാക്കാൻ കരാർ ജീവനക്കാർ തന്നെ എത്തണം. ഇതിന് അധികൃതർ ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് ആട്ടോ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ആവശ്യം.