തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഇടുങ്ങിയ റോഡുകൾ വീതികൂട്ടിയും അവികസിത പ്രദേശങ്ങളെ പ്രത്യേകമായി പരിഗണിച്ചും ചുരുങ്ങിയ സമയത്തിനുള്ളിൽ വികസനം സാദ്ധ്യമാക്കുന്നതിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് നിയുക്ത എം.എൽ.എ വി.കെ. പ്രശാന്ത് പറഞ്ഞു. കേസരി ഹാളിൽ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ ചെറുപ്പക്കാരെ കൂട്ടിയോജിപ്പിച്ച് യൂത്ത് ഫോഴ്സ് രൂപീകരിക്കും. നഗരസഭയിൽ രൂപീകരിച്ച ഗ്രീൻ ആർമിക്ക് സമാനമായി യുവാക്കളുടെ സംഘങ്ങൾ നാടിന്റെ വികസനത്തിനായി ഉപയോഗിക്കും. ജാതിമത ചിന്തകൾക്ക് എതിരായ വിധിയെഴുത്താണ് വട്ടിയൂർക്കാവിൽ ഉണ്ടായത്. ജാതി നോക്കി സ്ഥാനാർത്ഥിയെ നിർണയിക്കുന്ന രീതിയല്ല വട്ടിയൂർക്കാവിൽ സി.പി.എം സ്വീകരിച്ചത്. ഇതൊരു നല്ല തുടക്കമാണ് .
ശബരിമല വിഷയം ഉയർത്തിക്കാട്ടി സർക്കാർ ചെയ്ത നല്ല കാര്യങ്ങളെയെല്ലാം തമസ്കരിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്തിരുന്നത്. ഓഖി, നിപ്പ, പ്രളയം തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ കൈക്കൊണ്ട നിലപാടുകളെല്ലാം ഇപ്പോൾ ജനങ്ങൾ ഓർക്കുന്നുണ്ടെന്നതാണ് ഈ വിജയം സൂചിപ്പിക്കുന്നത്. പുതിയ മേയറെ തീരുമാനിക്കണ്ടത് പാർട്ടിയാണെന്നും തന്നെ ഏല്പിച്ച ഉത്തരവാദിത്വം പൂർണമായി നിറവേറ്റിയെന്നും വി.കെ. പ്രശാന്ത് പറഞ്ഞു. കെ.യു.ഡബ്ലിയു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. കിരൺ ബാബു, അഭിജിത്ത് എന്നിവർ പങ്കെടുത്തു.
നഗരസഭ മാതൃക
വിവാദമുണ്ടാക്കി വികസന മുരടിപ്പ് മറച്ചുവയ്ക്കാനാണ് മുൻ എം.എൽ.എ കെ. മുരളീധരൻ ശ്രമിച്ചത്. പ്രശാന്തിന്റെ വ്യക്തിപരമായ വിജയമാണിതെന്നത് എതിരാളികളുടെ അഭിപ്രായമാണ്. എൽ.ഡി.എഫിന്റെ രാഷ്ട്രീയവിജയമാണ് ഇവിടെ ഉണ്ടായത്. മേയർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും വോട്ടർമാർ വിലയിരുത്തിട്ടുണ്ട്. പഞ്ചായത്ത് മെമ്പറായി പ്രവർത്തിച്ചതിന്റെ അനുഭവം മേയർ പദവിക്ക് സഹായകമായിട്ടുണ്ട്. മാലിന്യ സംസ്കരണത്തിലടക്കം മാതൃകാപരമായ പ്രവർത്തനമാണ് കോർപറേഷൻ നടത്തിയത്. ഇപ്പോൾ ഒരിടത്തും മാലിന്യം കെട്ടിക്കിടക്കുന്നില്ല.