രക്തത്തിലെ പഞ്ചസാര നില താഴുന്നത് അപകടകരമാണ്. ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയുടെ പേര്. രക്തത്തിലെ പഞ്ചസാര 60 മില്ലിഗ്രാമിൽ താഴ്ന്നാൽ ഹൈപ്പോഗ്ലൈസീമിയ ഗുരുതരമാകും.
അമിതമായ ഇൻസുലിൻ, അമിത വ്യായാമം, ആഹാരം വൈകൽ, ആഹാരം മുടങ്ങുക, വെറും വയറ്റിലെ മദ്യപാനം എന്നിവയാണ് ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണം. അമിതമായ വിയർപ്പ്, വിശപ്പ്, വിറയൽ, ഉയർന്ന ഹൃദയമിടിപ്പ്, മയക്കം, മന്ദത, കണ്ണിൽ ഇരുട്ട് കയറൽ, തലകറക്കം എന്നിവ കണ്ടാൽ ഹൈപ്പോഗ്ലൈസീമിയ സംശയിക്കാം. രോഗിക്ക് ബോധമുണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ ഗ്ലൂക്കോസ് , അൽപ്പം പഴച്ചാറ് , കരിക്കിൻ വെള്ളം ഇവയേതെങ്കിലും നൽകുക. അബോധാവസ്ഥയിലാണെങ്കിൽ ഒരു കാരണവശാലും മധുരമുള്ള ആഹാരവസ്തുക്കളോ മധുരപാനീയങ്ങളോ നൽകരുത്. പകരം ഗ്ലൂക്കോസ് ഡ്രിപ്പ് നൽകാം.
പ്രമേഹരോഗികൾ കൃത്യസമയത്ത് ആഹാരം കഴിക്കണം. ഉപവാസം അരുത്. ഇൻസുലിൻ ഉപയോഗം, വ്യായാമം, എന്നിവയ്ക്ക് വിദഗ്ദ്ധ ഡോക്ടറുടെ നിർദേശം തേടുക.