തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന് പുതിയ പ്രസിഡന്റിനെയും ഒരംഗത്തെയും കണ്ടെത്താൻ ആലോചനകൾ തുടങ്ങി. ഇപ്പോഴത്തെ പ്രസിഡന്റ് എ.പത്മകുമാറിന്റെയും അംഗം കെ.പി.ശങ്കരദാസിന്റെയും രണ്ട് വർഷത്തെ ഔദ്യോഗിക കാലാവധി നവംബർ 14 ന് അവസാനിക്കും..നവംബർ 17 ന് മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് .പുതിയ നിയമനങ്ങൾ നടത്തണം.
പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും മെമ്പർ സ്ഥാനം സി.പി.ഐക്കുമെന്നതാണ് ഇടതുമുന്നണിയിലെ ധാരണ. നിലവിലെ പ്രസിഡന്റിനും അംഗത്തിനും കാലാവധി നീട്ടിനൽകാൻ നിയമ തടസ്സമുണ്ട്. . കാലാവധി കഴിഞ്ഞ ശേഷം വീണ്ടും നിയമിക്കണമെങ്കിലും നിയമഭേദഗതി വേണ്ടിവരും. .മലബാർ ദേവസ്വം നിയമത്തിൽ ഇങ്ങനെ മാറ്രം വരുത്തിയിട്ടുണ്ട്. എന്നാൽ, പത്മകുമാറിന് വീണ്ടും അവസരം നൽകാൻ സി.പി.എം തയ്യാറായേക്കില്ല.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മണ്ഡലകാലത്തുണ്ടായ വിവാദങ്ങളിൽ പത്മകുമാറിനതിരെ പാർട്ടിയിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ശങ്കരദാസിന്റെ കാര്യത്തിൽ സി.പി.ഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ ദേവസ്വം കമ്മീഷണർ എൻ.വാസു, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ തുടങ്ങിയവരുടെ പേരുകൾ സി.പി.എം.പരിഗണിക്കുന്നതായി അറിയുന്നു..രാജഗോപാലൻ നായർ മുമ്പ് ഒരു തവണ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.. സി.പി.എമ്മുമായി നേരത്തേ അടുത്ത ബന്ധം പുലർത്തിയിരുന്ന എൻ.വാസു പത്തനംതിട്ട ജില്ലയിലെ കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു..ആലപ്പുഴ, കൊല്ലം ജില്ലകളിലെ മറ്റ് രണ്ട് നേതാക്കളുടെ പേരുകളും പരിഗണിക്കുന്നുണ്ട്.