തിരുവനന്തപുരം: ബി.ജെ.പി അദ്ധ്യക്ഷ പദവിക്കായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചതോടെ ഒഴിവുവന്ന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തെ കുറിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി പറയുന്നത് എന്തായാലും അംഗീകരിക്കും. സംസ്ഥാന അദ്ധ്യക്ഷനെ ചൊല്ലി തർക്കമില്ല. ശ്രീധരൻ പിള്ളയ്ക്ക് കിട്ടിയത് അംഗീകാരണ്. അത് പണിയല്ല. എൻ.ഡി.എ ശക്തമായി തിരിച്ചുവരുമെന്നും താനും ഒപ്പമുണ്ടാകും. ശ്രീധരൻപിള്ളയെ ഗവർണറാക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യവും കഴിവും കണക്കിലെടുത്താണെന്നും കുമ്മനം വ്യക്തമാക്കി.
"ഗവർണർ പദവി എന്നത് ഭരണഘടനയിലെ വലിയൊരു പദവിയാണ്. ആ സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുത്താൽ അയാൾക്ക് കിട്ടിന്ന അംഗീകാരം കൂടിയാണ്. മണ്ഡലത്തിലെ നേട്ടങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെല്ലാമുള്ള അംഗീകാരം. ഉന്നത നിലയിലേക്ക് അവരെ നിയോഗിക്കലാണ്. സ്ഥാനം എന്ന നിലയ്ക്ക് ഗവർണർ പദവി ഒരു അംഗീകാരമാണെ"ന്നും കുമ്മനം ഒരു പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാവാൻ കുമ്മനം രാജശേഖരൻ രാജിവച്ച ഒഴിവിലാണ് നിയമനം. നിലവിൽ അസാം ഗവർണർ ജഗദിഷ് മുഖി മിസോറമിന്റെ അധികച്ചുമതല വഹിക്കുകയാണ്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോൽവിക്ക് തൊട്ടു പിന്നാലെയാണ് ശ്രീധരൻ പിള്ളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിവാക്കിയതെന്ന പ്രത്യേകതയുണ്ട്. ശബരിമല സമരത്തിന് ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കാതെ പോയതോടെ ശ്രീധരൻപിള്ളയെ മാറ്റുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാലത് ഉപതിരഞ്ഞെടുപ്പ് ഫലം വരെ നീണ്ടു. പകരം ഗവർണർ സ്ഥാനം നൽകുന്നത് തികച്ചും അപ്രതീക്ഷിതമാണ്.