bankcheating

ദുബായ്: വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് 5.2 ദശലക്ഷം ദിർഹം(എകദേശം 10കോടി രൂപ)​ അടിച്ചുമാറ്റിയ ബാങ്ക് ഉദ്യോഗസ്ഥനെതിരായ കേസ് ദുബായ് കോടതിയിൽ. പാകിസ്ഥാൻ സ്വദേശിയായ പ്രതി തട്ടിപ്പുനടത്തിയ ശേഷം രാജ്യം വിട്ടെങ്കിലും ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുബായിലെ ഒരു ബാങ്കിന്റെ പ്രോപ്പർട്ടി പ്രോജക്റ്റിന്റെ മാനേജരായ പ്രതി തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് വ്യാജരേഖകൾ ചമച്ചാണ് പണം കൈക്കലാക്കിയത്. 2011ഫെബ്രുവരിക്കും 2017 ജൂലായ്ക്കുമിടയിലാണ് ഇയാൾ ഇത്രയും പണം തട്ടിയെടുത്തത്. വലിയൊരു തുക ഒരു അക്കൗണ്ടിലേക്കിട്ടാൽ സംശയം വരാൻ കാരണമാകുമെന്നതിനാൽ ഇയാൾ ഭാര്യയുടേയുൾപ്പെടെ പല അക്കൗണ്ടിലേക്കാണ് തട്ടിയെടുത്ത തുക ഇട്ടത്.

പണം തട്ടിയെടുത്തത് എങ്ങനെയാണ് പുറംലോകം അറിഞ്ഞതെന്ന് വ്യക്തമല്ല. കള്ളപ്പണം വെളുപ്പിക്കൽ,​ വ്യാജരേഖ ചമയ്ക്കൽ, ​5.2 ദശലക്ഷം ദിർഹം മോഷ്ടിച്ചു എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇയാളുടെ ഭാര്യയ്ക്കെതിരെ കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ,​ കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്.

എ.ടി.എം വഴിയും ചെക്കികൾ വഴിയുമാണ് യുവതി പണം പിൻവലിച്ചിരിക്കുന്നത്. അതേസമയം യുവതി കോടതിയിൽ കുറ്റം നിഷേധിച്ചു. തന്റെ ഭർത്താവാണ് ഇതൊക്കെ ചെയ്തതെന്നും താൻ നിരപരാധിയാണെന്നുമാണ് യുവതിയുടെ വാദം. സാക്ഷികളെ വിസ്തരിച്ചശേഷം അടുത്തമാസം കേസ് വീണ്ടും പരിഗണിക്കുമെന്നാണ് സൂചന.