റാഞ്ചി: അംഗപരിമിതർ ആയാലും ക്രിമിനലുകൾ ആയാലും ബി.ജെ.പിയുടെ സ്ഥാനാർത്ഥികൾക്കാണ് വോട്ട് ചെയേണ്ടതെന്ന പരാമർശവുമായി ജാർഖണ്ഡിലെ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. പ്രധാനമന്ത്രി മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയും മുൻ ബി.ജെ.പി അദ്ധ്യക്ഷനുമായ അമിത് ഷായെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും ജനങ്ങൾ എപ്പോഴും വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുബെ ഇത്തരത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. അംഗപരിമിതരെ അപമാനിക്കുന്ന ദുബെയുടെ പരാമർശം വൻ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
Here is what Jharkhand BJP MP @nishikant_dubey had to advise to BJP Karyakartas.. pic.twitter.com/znx6uYJZUP
— Mohammed Zubair (@zoo_bear) October 25, 2019
'ഞാൻ നിങ്ങളോടു പറയട്ടെ. ബി.ജെ.പി ആരെ സ്ഥാനാർത്ഥി ആക്കിയാലും നിങ്ങൾ അയാൾക്ക് മാത്രമേ വോട്ട് ചെയ്യാവൂ. അയാൾ അംഗപരിമിതനോ കൊള്ളക്കാരനോ, കുറ്റവാളിയോ ആകട്ടെ. നിങ്ങളെ എന്ത് വിലകൊടുത്തും അയാളെ പിന്താങ്ങണം. പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയയെയും മുഖ്യമന്ത്രി(ജാർഖണ്ഡ്) രഘുബർ ദാസിനെയും നിങ്ങൾക്ക് വിശ്വാസം വേണം. ' ദുബെ തന്റെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
'കേന്ദ്ര നേതൃത്വം നിശ്ചയിക്കുന്ന സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തെറ്റ് പറ്റില്ലെന്നും അത് ശരിയായ തീരുമാനമായിരിക്കുമെന്നും നിങ്ങൾ എപ്പോഴും ഓർക്കണം. ബി.ജെ.പി അഴിമതി കാണിക്കുന്ന പാർട്ടിയല്ല. കേന്ദ്രഭരണത്തിലോ സംസ്ഥാന ഭരണത്തിന്റെ ഇരിക്കുന്ന ഒരാളെയും ഞങ്ങൾ പണം കൊള്ളയടിക്കാൻ അനുവദിച്ചിട്ടില്ല. ഇപ്പോൾ പി.ചിദംബരത്തെ പോലൊരാളെ ഞങ്ങൾക്ക് അഴിക്കുള്ളിലാക്കാൻ കഴിഞ്ഞു. മിക്കവാറും, രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയെയും ജയിലിലടച്ചു എന്ന വാർത്ത നിങ്ങൾക്ക് കേൾക്കാനാകും.' നിഷികാന്ത് ദുബെ പറഞ്ഞു.