rain

തിരുവനന്തപുരം: മദ്ധ്യകിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ക്യാർ എന്ന് പേരിട്ട ഈ കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും അതിന്റെ സ്വാധീനം കാരണം ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇന്ന് അഞ്ചുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ‌, കാസർകോട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റ് നീങ്ങുന്നത്. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ കൂറ്റൻ തിരമാലകൾക്ക് സാദ്ധ്യതയുണ്ട്. മദ്ധ്യകിഴക്കന്‍ അറബിക്കടലിൽ 28 വരെയും മദ്ധ്യപടിഞ്ഞാറൻ അറബിക്കടലിൽ 28 മുതൽ 31 വരെയും പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

ക്യാർ ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ടുതന്നെ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകാൻ പാടുള്ളതല്ലതെന്നും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ’ക്യാർ' ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.