robbery-

തൃശൂർ: ഷൊർണൂർ റോഡിലെ അസി. ഡയറക്ടറുടെ ഓഫിസിൽ ‘ആത്മാർഥമായി ജോലി ചെയ്യൂ’ എന്ന് കുറിപ്പ് എഴുതി മോഷണം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. എന്നാൽ, മോഷണത്തെക്കാൾ കള്ളൻ ഓഫീസിൽ എഴുതിവച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാവുന്നത്. ‘ഞാൻ ഒരു കള്ളനല്ല. നിങ്ങൾ ചെയ്യുന്ന ജോലി ആത്മാർഥമായി ചെയ്യൂ. നാം ഇരിക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കുന്നവനാണ് നല്ല മനസുള്ളവർ’ എന്നാണ് വെള്ള പേപ്പറിൽ കള്ളൻ കുറിച്ചത്.

പൂട്ടുപൊളിച്ചു ഓഫീസിൽ കയറിയ കള്ളൻ ഓഫീസ് സാമഗ്രികളടക്കം ഒന്നും കവർന്നിട്ടില്ല എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഓഫീസ് രേഖകളോടൊപ്പം സൂക്ഷിച്ചിരുന്ന ചെറിയ തുകകൾ മോഷണം പോയതായി പൊലീസ് കണ്ടെത്തി. കമ്പ്യൂട്ടറുകളടക്കം മറ്റൊന്നും മോഷണം പോയിട്ടില്ല. തലപ്പിള്ളി താലൂക്കിൽ വനത്തോടു ചേർന്ന മേഖലകളിൽ പട്ടയ സർവേ ജോലിയിലാണ് ഒരുമാസമായി ജീവനക്കാർ. 460 പട്ടയ അപേക്ഷകളിൽ ഭൂമി അളന്നു തിട്ടപ്പെടുത്തി തീർപ്പുകൽപ്പിക്കുക എന്നത് അദ്ധ്വാനമേറിയ ജോലിയാണെന്നും ജീവനക്കാർ പറയുന്നു. പിന്നെ എന്തിന് കുറിപ്പ് എഴുതിവച്ചെന്ന കാര്യം ജീവനക്കാർക്കും പൊലീസിനും അജ്ഞാതം.