തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ പുതിയ പ്രസിഡന്റായി കെ.സുരേന്ദ്രനെ നിയോഗിക്കും. നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള മിസോറാം ഗവർണറായതിനെ തുടർന്നാണിത്. ഒരു വർഷം മുമ്പാണ് ശ്രീധരൻ പിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയോഗിച്ചത്. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായി നിയമിക്കാനും സാദ്ധ്യതയുണ്ട്. നിലവിലുള്ള സംഘടനാ സെക്രട്ടറി എം.ഗണേശനെ മാറ്രി സഹ സംഘടനാ സെക്രട്ടറിയായ കെ.സുഭാഷിനെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാക്കാനും നീക്കമുണ്ട്. ബി.ജെ.പിക്ക് സംഘടനാപരമായി നല്ല അടിത്തറയുള്ള മദ്ധ്യപ്രദേശിലെ സംഘടനാ രീതികൾ പഠിക്കാനായി ഇപ്പോൾ സുഭാഷിനെ അവിടേക്കയച്ചിരിക്കുകയാണ്.
ഒക്ടോബർ ആദ്യവാരം എറണാകുളത്ത് ദേശീയ തലത്തിലുള്ള ആർ.എസ്.എസ് ബി.ജെ.പി നേതാക്കൾ സന്നിഹിതരായിരുന്ന ചിന്തൻ ബൈഠക്കിൽ തന്നെ ഇക്കാര്യത്തിൽ ധാരണയായതാണ് സൂചന. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി നിയോഗിക്കുന്നത്. തുടർന്ന് മൂന്നുമാസത്തിന് ശേഷമാണ് ഒഴിവു വന്ന സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് പി.എസ്. ശ്രീധരൻ പിള്ളയെ തീരുമാനിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും തുടർന്ന് സംസ്ഥാന നിയമസഭയിലേക്കും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ തയ്യാറെടുപ്പുകൾ കൂടി കണക്കിലെടുത്താണ് ഇപ്പോൾ ബി.ജെ.പി നേതൃത്വത്തിൽ പുന:സംഘടന നടക്കുന്നത്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ തോൽവിക്ക് തൊട്ടുപിന്നാലെയാണ് ശ്രീധരൻപിള്ളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതെന്ന പ്രത്യേകതയുമുണ്ട്. ശബരിമലയിൽ യുവതീ പ്രവേശനത്തിനെതിരായ പ്രക്ഷോഭത്തെ തുടർന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിൽ കാര്യമായ അസ്വാരസ്യം ഉണ്ടായത്. പിന്നീടത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും ഉണ്ടായി. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ രംഗപ്രവേശം ചെയ്യിപ്പിച്ചതിന് ശേഷം പിന്നീട് സ്ഥാനാർത്ഥിത്വം നിഷേധിച്ചതും വിവാദമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനം അരലക്ഷം വോട്ട് പിടിച്ച വട്ടിയൂർക്കാവിൽ ബി.ജെ.പിയ്ക്ക് ഉപതിരഞ്ഞെടുപ്പിൽ 27,000 വോട്ട് മാത്രമാണ് ലഭിച്ചത്. ഇത് പാർട്ടിക്കുള്ളിൽ മുറുമുറുപ്പിന് ഇടയാക്കിയിരുന്നു. അതിന് പിന്നാലെയാണ് സംസ്ഥാന അദ്ധ്യക്ഷനെ മാറ്റിയത്. അതേസമയം, പുതിയ അദ്ധ്യക്ഷനെ എന്ന് തീരുമാനിക്കുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.