atm-chip-card

കോട്ടയം: മാഗ്നറ്റിക് സ്ട്രിപ്പ് പതിപ്പിച്ച കാർഡുകളിൽ നിന്ന് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്നത് വ്യാപകമായപ്പോഴാണ് ചിപ്പുള്ള കാർഡുകൾ പുറത്തിറക്കിയത്. രഹസ്യങ്ങൾ ചോരില്ലെന്നും,​സുരക്ഷ കൂടുതലാണ് എന്നൊക്കെ കൊട്ടിഘോഷിച്ചാണ് ചിപ്പുള്ള കാർഡ് വന്നത്.

എന്നാൽ സുരക്ഷിതമെന്ന് പറഞ്ഞ് പുറത്തിറക്കിയ ചിപ്പ് കർഡുകളിൽ നിന്നും പണം നഷ്ടമാകുന്നതായി പരാതി​. ഇത്തരത്തിലുള്ള എട്ടോളം കേസുകളാണ് എറണാകുളത്ത് നിന്നും കോട്ടയത്തു നിന്നും വരുന്നത്. എറണാകുളം സ്വദേശിയായ ഒരാളുടെ 40000 ത്തോളം രൂപ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നഷ്ടമായിരുന്നു. എന്നാൽ ആ വ്യക്തി എ.ടി.എം ഉപയോഗിച്ച് ഒരു രീതിയിലുള്ള ഓൺലൈൻ ഇടപാടും നടത്തിയിട്ടില്ല. ആകെ ഉപയോഗിച്ചത് എ.ടി.എം കൗണ്ടറുകളിലും കടകൾ,​പെട്രോൾ പമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വൈപ്പ് മെഷീനുകൾ മാത്രമാണെന്നാണ് അദ്ദേഹം പറയുന്നത്.

എങ്ങനെയാണ് ചിപ്പുള്ള കാർഡുകളിൽ നിന്ന് പണം തട്ടുന്നതെന്ന് സൈബർ സെൽ അന്വേഷിച്ച് വരികയാണ്. കാർഡ് ക്ലോണിംഗ് രീതിയിലാണോ പണം തട്ടുന്നതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്. പോയിന്റ് ഒഫ് സെയിലോ,​ ​എ.ടി.എം മെഷീനിലോ സ്വൈപ്പ് ചെയ്യുമ്പോൾ കാർഡിന്റെ വിവരങ്ങൾ ശേഖരിച്ച് ഈ വിവരങ്ങൾവച്ച് വ്യാജമായ ഒരു കാർഡ് ഉണ്ടാക്കി പണം കൈക്കലാക്കുന്ന രീതിയാണ് കാർഡ് ക്ലോണിംഗ്.

അതേസമയം,​ എ.ടി.എം കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ പുറത്തുവരുന്ന തരംഗങ്ങളിൽ നിന്ന് കിട്ടുന്ന വിവരങ്ങൾവച്ച് കാർഡുണ്ടാക്കി പണം തട്ടുന്നതാണോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. എ.ടി.എമ്മുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരുമായും പങ്കുവയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.