കൊല്ലം: കെട്ടുദോഷം തീർക്കാൻ 16 കാരിയെ 30കാരനൊപ്പം വിവാഹം ചെയ്ത് അയച്ച സംഭവത്തെ തുടർന്നുള്ള പ്രശ്നങ്ങൾ പൊലീസ് സ്‌റ്റേഷൻ കയറിയതോടെ പെൺകുട്ടിയുടെ അമ്മയും ഭർത്താവും കാമുകനും പോക്‌സോ കേസിൽ പ്രതികളായി. ചവറ തെക്കുംഭാഗം സ്വദേശിനിയായ 50 കാരി, പെൺകുട്ടിയെ വിവാഹം ചെയ്ത കോയിവിള സ്വദേശി സുജിത്ത്, വിവാഹാനന്തരം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാമുകൻ മൈനാഗപ്പള്ളി സ്വദേശി വിപിൻ (30) എന്നിവരെയാണ് ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് 19 നായിരുന്നു വിവാഹം. അന്ന് പെൺകുട്ടിക്ക് 16 വയസായിരുന്നു. വരന്റെ കൂട്ടർ സമുദായ ആചാര പ്രകാരം കല്യാണ സ്ഥലത്ത് വിവാഹ പത്രികയുമായെത്തിയിരുന്നു. എന്നാൽ പെൺകുട്ടിയുടെ ഭാഗത്ത് നിന്ന് സമുദായ സംഘടനയുടെ വിവാഹ പത്രിക ഇല്ലായിരുന്നു. ഇതേ തുടർന്ന് ഇരു കൂട്ടരും തമ്മിൽ കുറെ നേരം ഒച്ചപ്പാടുണ്ടായെങ്കിലും ശേഷം വിവാഹം നടത്തുകയായിരുന്നു. ഇതിനിടെ ഭർത്താവുമായി പിണങ്ങി പെൺകുട്ടി തിരികെ വീട്ടിലെത്തി. ഈ സമയം പഴയ കാമുകൻ പെൺകുട്ടിയുമായി അടുപ്പം പുലർത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നു.
തന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോയതാണെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് സുജിത്ത് വിപിനെതിരെ പൊലീസിൽ പരാതി നൽകിയതോടെയാണ് മൂന്നുപേരും നാടകീയമായി കുടുങ്ങിയത്. പൊലീസ് പെൺകുട്ടിയുടെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സ്‌കൂളിൽ നിന്ന് എടുത്തതോടെയാണ് പോക്‌സോ കേസിലേക്ക് വെളിച്ചം വീഴുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭാര്യയാക്കിയ ശേഷം ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനാണ് സുജിത്തിനെതിരെ കേസ്. കൗമാരക്കാരിയെ തട്ടിക്കൊണ്ട് പോയതിനും ലൈംഗികാതിക്രമത്തിന് വിധേയയാക്കിയതിനുമാണ് കാമുകനെതിരെ കേസ്. ശൈശവ വിവാഹം പ്രോത്സാഹിപ്പിച്ചതിനും പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ കൂട്ടുനിന്നതിനുമാണ് മാതാവിനെതിരെ കേസെടുത്തത്. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴിയെടുത്ത ശേഷം അച്ഛനൊപ്പം അയച്ചു. അച്ഛന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹം നടത്തിയതെന്ന് അന്വേഷണത്തിൽ പൊലീസിന് ബോദ്ധ്യമായി.