ന്യൂഡൽഹി: സ്വാതന്ത്ര്യ സമര സേനാനികളായ ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവർക്ക് രാജ്യത്തെ പരമോന്നത പുരസ്‌കാരമായ ഭാരതരത്നം നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്സഭാ എം.പി മനീഷ് തിവാരി. പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മുട്ടുമടക്കാതെ പടപൊരുതി, ഒരു തലമുറയെയാകെ രാജ്യത്തോട് കൂറുള്ളവരാക്കി തീർത്തവരാണ് മൂവരുമെന്നും തിവാരി കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അദ്ദേഹം കത്തിന്റെ പകർപ്പ് തന്റെ ട്വിറ്റർ ഹാൻഡിൽ വഴി പങ്കുവച്ചിട്ടുണ്ട്.
'ശഹീദ് ഭഗത് സിംഗ്, രാജ്‌ഗുരു, സുഖ്‌ദേവ് എന്നിവർ തങ്ങളുടെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടം കൊണ്ടും ഒരു തലമുറയെ ആകെ രാജ്യത്തോട് കൂറുള്ളവരാക്കി തീർത്തവരാണെന്ന വസ്തുതയിലേക്ക് ഞാൻ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. പിന്നീട് രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മൂവരും 23 മാർച്ച് 1931ൽ ആത്മത്യാഗം ചെയ്യുകയും ചെയ്തു.' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒക്ടോബർ 25ന് അയച്ച കത്തിൽ തിവാരി പറയുന്നു.
'2020 ജനുവരി 26ന് ഇവർക്ക് മൂന്നുപേർക്കും ഭാരതരത്നം കേന്ദ്ര സർക്കാർ നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. അവർക്ക് 'ഷഹീദ് ഇ ഇസാം' എന്ന നാമം ആദരസൂചകമായി നൽകുകയും വേണം. അത് മാത്രമല്ല മൊഹാലിയിലുള്ള ചണ്ഡീഗഡ് വിമാനത്താവളത്തിന് 'ഷഹീദ് ഇ ഇസാം ഭഗത് സിംഗ്' എന്ന പേര് നൽകുകയും വേണം. രാജ്യത്തെ 124 കോടി ജനങ്ങളുടെ ആത്മാവിനെയും മനസിനെയും ഇതിലൂടെ സ്പർശിക്കാൻ സാധിക്കും.' അദ്ദേഹം തന്റെ കത്തിൽ പറയുന്നു.