adoor-prakash

പത്തനംതിട്ട: കോന്നി ഉപതിരഞ്ഞെടുപ്പിൽ ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് തോന്നുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന എം.പി അടൂർ പ്രകാശിന്റെ ആരോപണത്തിലായിരുന്നു ഡി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. ജില്ലാ കോൺഗ്രസ് കമ്മിറ്റിക്ക് വീഴ്ച പറ്റിയെന്ന് തനിക്ക് തോന്നുന്നില്ലെന്നും വീഴ്ച പറ്റിയെന്ന് ഒരു നേതാവും പറയുമെന്ന് കരുതുന്നില്ലെന്നും ബാബു ജോർജ് വ്യക്തമാക്കി.

" കോന്നി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല ജില്ലാ കമ്മിറ്റിക്കായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ പ്രചാരണത്തിനായി ഒരു തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചിരുന്നു. ജില്ലാ നേതൃത്വത്തിനെന്നപ്പോലെ ആ കമ്മിറ്റിയുടേയും ഉത്തരവാദിത്തത്തിലാണ് പ്രചാരണം നടത്തിയത്. തോൽവിയെ കുറിച്ച് പഠിക്കേണ്ടതാണ്.സ്ഥാനാർത്ഥി ആരാകണമെന്ന കാര്യത്തിൽ ജില്ലാ നേതൃത്വത്തിന് അഭിപ്രായം പറയാം. അങ്ങനെ ഒരു അഭിപ്രായം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. തീരുമാനമെടുത്തതെല്ലാം കെ.പി.സി.സിയാണ്. തനിക്ക് പറയാനുള്ള കാര്യങ്ങൾ ബന്ധപ്പെട്ട യോഗങ്ങളിൽ പറയുമെന്നും" ബാബു ജോർജ് വ്യക്തമാക്കി.

അതേസമയം,​ കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡി.സി.സിക്കുണ്ടായ വീഴ്ചയാണെന്നായിരുന്നു അടൂർ പ്രകാശ് എം.പി നേരത്തെ പറഞ്ഞത്. മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താൻ റോബിന്‍ പീറ്ററുടെ പേര് നിർദേശിച്ചത്. എന്നാൽ,​ പിന്നീട് പാർട്ടി മോഹൻ രാജിനെ നിറുത്താന്‍ തീരുമാനിച്ചപ്പോൾ ഞാന്‍ അത് പൂർണ്ണമായി അംഗീകരിച്ചെന്നും അടൂർ പ്രകാശ് പറഞ്ഞു.