ബേങ്കി ബേങ്കി ബേങ്കി ബൂം ബൂം...മലയാളത്തിന്റെ പ്രിയഗായിക സയനോര ഫിലിപ്പിന്റെ പുതിയ പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്. ഒന്നും പിടികിട്ടിയില്ലേ. എന്നാൽ കണ്ണൂരുകാർക്കിത് 'തിരിഞ്ഞു" കാണും. ബേങ്കി എന്നു കണ്ണൂർ സ്ളാംഗിൽ പറഞ്ഞാൽ വേഗം ഇറങ്ങൂ എന്നാണ് അർത്ഥം. സംഗീതപ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ബേങ്കി ബേങ്കി പാട്ട് രണ്ടുമാസം കൊണ്ട് ഒമ്പതു ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിൽ കണ്ടത്. പോരാത്തതിന് വാട്സാപ്പിലും ടിക്ടോക്കിലുമെല്ലാം ഹിറ്റോട് ഹിറ്റ്. ഈ പാട്ടുപിറന്ന വഴിയെകുറിച്ച് തുറന്നു പറയുകയാണ് സയനോര.
"പാട്ട് കേട്ട് അപ്രതീക്ഷിതമായ പ്രതികരണമാണ് ആളുകളിൽ നിന്നുണ്ടായത്. യൂട്യൂബിൽ നന്നായി പോകുന്നുണ്ട് എന്നറിഞ്ഞിരുന്നു. എന്നാൽ ഒരുപാട് പേരുടെ വാട്സാപ്പ് സ്റ്റാറ്റസായി മാറിയതും ടിക്ടോക്കിൽ ഹിറ്റായതുമൊക്കെ വൈകിയാണറിഞ്ഞത്. കണ്ണൂർകാർക്ക് മാത്രമല്ല, ആ സ്ളാംഗ് ഇഷ്ടമുള്ള ഒരുപാടുപേർക്ക് ഇതങ്ങ് ബോധിച്ചു. കുഞ്ഞളാന്റെ വീട്ടിൽ എന്നൊക്കെയുള്ള പ്രയോഗങ്ങൾ കണ്ണൂരിന്റെ സ്വന്തമാണ്. കണ്ണൂര് ജനിച്ച് വളർന്നതു കാരണം എനിക്കതൊക്കെ അറിയാം. യഥാർത്ഥത്തിൽ ഈ പാട്ട് ഒരു സിനിമയ്ക്ക് വേണ്ടി കംപോസ് ചെയ്തതാണ്. പക്ഷേ, കുറച്ചുകൂടി അടിപൊളിപ്പാട്ട് വേണമെന്ന് പറഞ്ഞ് അവർ എടുത്തില്ല. എന്നാൽ, ഒറിജിനൽ സോംഗായി ഇറക്കാമെന്ന് വിചാരിച്ചു. ഞാനും വർക്കിയും കൂടിയാണ് സംഗീതം നൽകിയത്.
ബാൻഡിനു വേണ്ടി പഴയ പാട്ടുകളുടെ കവർ വേർഷനും ചെയ്യൈറുണ്ട്. ഒറിജിനൽ പാട്ടുകൾ ചെയ്യാൻ തീർച്ചയായും സമയമെടുക്കും. കവർ സോംഗ് താരതമ്യേന വേഗത്തിൽ ചെയ്യാം. ഇന്ത്യയിലെ സ്വതന്ത്രസംഗീതം വളർച്ചയുടെ പാതയിലാണ്. ശ്രദ്ധ നേടിയ നിരവധി ബാൻഡുകളുണ്ട്. പുതിയ ബാൻഡുകൾ രൂപം കൊള്ളുന്നുമുണ്ട്. സിനിമാസംഗീതത്തിന് അപ്പുറത്തുള്ള ഇത്തരം ശ്രമങ്ങളെ ആളുകൾ ശ്രദ്ധിച്ചു തുടങ്ങിയത് നല്ല സൂചനയാണ്. സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങുന്നതൊക്കെ സാധാരണയായി കഴിഞ്ഞു".
(അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കത്തെ കൗമുദി ആഴ്ചപ്പതിപ്പിൽ)