തിരുവനന്തപുരം: പാലായിൽ നിന്ന് പാഠം ഉൾക്കൊളളാൻ യു.ഡി.എഫ് തയാറാകാത്തതിന്റെ ഫലമാണ് ഉപതിരഞ്ഞെടുപ്പിൽ കണ്ടെതെന്ന് ആർ.എസ്.പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ എം.പി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെങ്കിലും കോൺഗ്രസ് ഒറ്റക്കെട്ടായി നിൽക്കണം. ഇക്കാര്യം തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ ആവശ്യപ്പെടും. ശബരിമല വിഷയം എപ്പോഴും നിലനിൽക്കില്ല. എൻ.കെ പ്രേമചന്ദ്രൻ 'കേരളകൗമുദി ഫ്ളാഷി'നോട് സംസാരിക്കുന്നു.
ജനം തള്ളിക്കളയും
ഉപതിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് ജനം നൽകിയ ശക്തമായ സന്ദേശമാണ്. ഐക്യത്തോടെയും യോജിപ്പോടെയും പ്രവർത്തിച്ചാൽ ജനം ഉൾക്കൊള്ളും. അനൈക്യവും അഭിപ്രായ വ്യത്യാസങ്ങളും ജനങ്ങൾ ഉൾക്കൊള്ളില്ല. ജനപ്രതിനിധികൾ മത്സരിക്കുന്നത് ജനതാത്പര്യത്തിനും പൊതുതാത്പര്യത്തിനും വേണ്ടിയാണ്. ഗ്രൂപ്പ് താത്പര്യത്തിനും വ്യക്തി താത്പര്യത്തിനും വേണ്ടിയാവരുത്. രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ അപസ്വരം അവസാനഘട്ടംവരെ നിലനിന്നു. പ്രാദേശികതലം തൊട്ടുളള ഐക്യത്തോടെയുളള പ്രവർത്തനമാണ് അരൂരിൽ ഗുണം ചെയ്തത്. മഞ്ചേശ്വരത്തും അത് തന്നെയാണ് നടന്നത്. പ്രതികൂല സാഹചര്യമുണ്ടായിട്ടും എറണാകുളത്ത് വിജയിച്ചത് യോജിപ്പുണ്ടായിരുന്നത് കൊണ്ടാണ്. യു.ഡി.എഫ് വിചാരിച്ചാൽ മാത്രമേ ഈ മണ്ഡലങ്ങളിൽ യു.ഡി.എഫിനെ തോൽപ്പിക്കാൻ പറ്റുമായിരുന്നുളളൂ.
വ്യക്തമായ സൂചന ഉണ്ടായിട്ടും പാലായിൽ നിന്ന് പാഠം ഉൾക്കൊളളാനായില്ല. രാഷ്ട്രീയ സമവായത്തിലൂടെ മുന്നേറ്റം നടത്താൻ യു.ഡി.എഫിന് കഴിഞ്ഞില്ല. ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചശേഷം അതേപ്പറ്റി ഭിന്നാഭിപ്രായം വരുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്. നിങ്ങൾക്ക് വേണ്ടാത്ത സ്ഥാനാർത്ഥിയെ ഞങ്ങൾക്കെന്തിനെന്ന് ജനം ചോദിക്കും. അവർ പുച്ഛിച്ച് പുറന്തള്ളും. സി.പി.എം, സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് രംഗത്തിറക്കി. കോന്നിയിലെ സി.പി.എം സ്ഥാനാർത്ഥിയെപ്പറ്റി പത്തനംതിട്ട ജില്ലാ ഘടകത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു എന്നാണ് മനസിലാക്കാൻ സാധിച്ചത്. എന്നാൽ, സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം ഒരു പ്രശ്നംപോലും ഉണ്ടായില്ല. ആ ശൈലി കോൺഗ്രസും സ്വീകരിച്ചേ പറ്റൂ.
ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അപ്രഖ്യാപിത രാഷ്ട്രീയ ധാരണ
കോൺഗ്രസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെങ്കിലും ഒറ്റക്കെട്ടായി നിൽക്കണം. ഗ്രൂപ്പ് വ്യത്യാസത്തിനപ്പുറം ഈ രാജ്യത്ത് കോൺഗ്രസ് നടപ്പാക്കേണ്ട രാഷ്ട്രീയ ദൗത്യങ്ങളെപ്പറ്റി മറക്കരുത്. കോൺഗ്രസ് മുക്ത കേരളമാണ് സി.പി.എമ്മിന്റേയും ബി.ജെ.പിയുടേയും പൊതു മുദ്രാവാക്യം. ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ ആ നീക്കത്തെ ചെറുക്കാൻ സാധിക്കൂ. അതിന് നേതൃത്വം നൽകേണ്ട കോൺഗ്രസ്, ഐക്യമാണ് പ്രധാനമെന്ന് ഓർക്കണം. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ സംസ്ഥാനത്ത് അപ്രഖ്യാപിത രാഷ്ട്രീയ ധാരണയുണ്ട്. ഈ തിരഞ്ഞെടുപ്പിൽ അവരത് മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചു. വട്ടിയൂർക്കാവിൽ ആ ബന്ധം പ്രകടമായിരുന്നു. ബി.ജെ.പി എത്ര ശ്രമിച്ചിട്ടും കോൺഗ്രസിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയാത്ത സംസ്ഥാനം കേരളമാണ്. കേരളത്തിൽ കോൺഗ്രസിനെ മാറ്റി നിറുത്തേണ്ടത് സി.പി.എമ്മിന്റേയും ആവശ്യമാണ്.
യോജിച്ച് നിൽക്കണം
ശബരിമല വിഷയത്തിൽ ജനം നൽകിയ മറുപടിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായത്. എന്ത് സെൻസിറ്റീവ് വിഷയമുണ്ടായാലും അതിന്റെ പ്രതികരണം ഉണ്ടാകുന്നത് തൊട്ടടുത്ത് നടക്കുന്ന തിരഞ്ഞെടുപ്പിലാണ്. നിരന്തരമായി ആ വിഷയം നിലനിൽക്കില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷവും ഇന്ദിരഗാന്ധിയെ വീണ്ടും ജനം തിരഞ്ഞെടുത്തിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ ഉദാഹരണം. ശബരിമല വിഷയം സജീവമായി നിലനിൽക്കുന്നുണ്ട്. അതിനായി യു.ഡി.എഫിൽ യോജിച്ച പ്രവർത്തനമാണ് വേണ്ടത്. അരൂരിലും മഞ്ചേശ്വരത്തും ലോക്സഭയിലെ ട്രെൻഡ് ആവർത്തിക്കുകയും മറ്റിടത്ത് അത് കഴിയാതെ പോയതും അനൈക്യം ഉണ്ടായതുകൊണ്ടാണ്.
വിട്ടുവീഴ്ചയ്ക്ക് കനത്തവില
തിരഞ്ഞെടുപ്പിൽ പാർട്ടി എന്നത് പോലെതന്നെ സ്ഥാനാർത്ഥിയും പ്രധാന ഘടകമായി മാറുന്നു എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം. ജയസാദ്ധ്യതയുളള സ്ഥാനാർത്ഥികൾക്കാണ് മുൻഗണന നൽകേണ്ടത്. മതസാമുദായികഗ്രൂപ്പ് താത്പര്യങ്ങളൊന്നും സ്ഥാനാർത്ഥി നിർണയത്തിൽ ഉണ്ടാകാൻ പാടില്ല. ജനങ്ങൾക്ക് ജാതിയും മതവുമൊന്നുമില്ല. എന്നാൽ, അത്തരം പരിപ്രേക്ഷ്യം നൽകി അവരെ വേർതിരിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സ്ഥാനാർത്ഥി നിർണയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറായാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത വില നൽകേണ്ടി വരും. ഗ്രൂപ്പുകൾക്കും സമുദായങ്ങൾക്കും വീതിച്ച് കൊടുത്ത് ഗുണനിലവാരമില്ലാത്ത സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ട് കാര്യമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാൽ കൊല്ലത്തെ 11 നിയമസഭാ മണ്ഡലങ്ങളിൽ ആറിൽ കുറയാത്ത സീറ്റ് 2021ൽ നേടാനാകും.