തിരുവനന്തപുരം: സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും കൈവിടേണ്ടിവന്നതോടെ കോൺഗ്രസിൽ കലാപത്തിരി തെളിഞ്ഞിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് പാർട്ടി നേതാക്കൾ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം, പാർട്ടിയിൽ യുവാക്കൾക്കായി മുതിർന്നവർ വഴിമാറണമെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് യുവ എം.എൽ.എ വി.ടി ബൽറാം. ദീർഘകാലം സംഘടനാ രംഗത്ത് ഉണ്ടായിരുന്നവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിജയിക്കണമെന്നില്ലെന്നും ബൽറാം പറയുന്നു. വി.ടി ബൽറാം ഫ്ളാഷിനോട് സംസാരിക്കുന്നു...
ധീരമായ പരീക്ഷണം വേണം
ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പ്രതീക്ഷിച്ചതുപോലെ മെച്ചപ്പെട്ട വിജയം നേടാൻ സാധിച്ചില്ല. വട്ടിയൂർക്കാവ്, കോന്നി സീറ്റുകൾ നിലനിറുത്തേണ്ടതായിരുന്നു. എന്നാൽ, അത് സാധിക്കാൻ കഴിയാതെ പോയതിൽ നിരാശയുണ്ട്. അരൂരിൽ അഭിമാനാർഹമായ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനതല ട്രെൻഡിനെക്കാൾ മണ്ഡലങ്ങളിലെ പ്രാദേശിക സാഹചര്യങ്ങളാണ് വിധി നിർണയിച്ചത്. വട്ടിയൂർക്കാവിലും കോന്നിയിലും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച പറ്റിയത് എൽ.ഡി.എഫിന് ഗുണം ചെയ്തു. അരൂരിൽ മികച്ച സ്ഥാനാർത്ഥിയെ ആണ് കോൺഗ്രസ് രംഗത്തിറക്കിയത്. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ട് ഭാവിയിൽ മികച്ച രീതിയിൽ സ്ഥാനാർത്ഥി നിർണയം നടത്താൻ കോൺഗ്രസ് ശ്രദ്ധിക്കണം. സംഘടനാ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്നവർ ഒരുപക്ഷേ, തിരഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ ശോഭിക്കണമെന്നില്ല. പ്രത്യേകിച്ച് കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഇത്തരക്കാർക്ക് ജയിക്കാനാകില്ല. അങ്ങനെയുള്ളവരെ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്നതിന് പകരം നാളെ ഭരണം കിട്ടുമ്പോൾ അർഹമായ പദവികളിൽ ഇരുത്താനാണ് പാർട്ടി ശ്രദ്ധിക്കേണ്ടത്. തിരഞ്ഞെടുപ്പിൽ വിജയ സാദ്ധ്യത മാനദണ്ഡമാക്കി ധീരമായ പരീക്ഷണം നടത്താൻ നേതൃത്വം തയാറാകണം.
മാറിക്കൊടുക്കണം
വരുന്ന തിരഞ്ഞെടുപ്പുകളിൽ ചെറുപ്പക്കാരെ പരിഗണിക്കാൻ പാർട്ടി തയാറാകണം. ചെറുപ്പക്കാരെ ഉൾക്കൊളളുന്ന തരത്തിൽ മുതിർന്ന നേതാക്കൾ മാറണം. ചിലപ്പോൾ അവസരം കിട്ടുന്നത് വളരെ ജൂനിയേഴ്സിന് ആയിരിക്കാം, മുതിർന്ന നേതാക്കൾ വളർത്തി കൊണ്ടുവന്നവരുമായിരിക്കാം. അതൊന്നും നോക്കാതെ മാറി കൊടുക്കണം. പാർട്ടിയിൽ ദീർഘകാലം പ്രവർത്തിച്ച് അവസരം കിട്ടാത്ത ഒരുപാട് പേരുണ്ട്. എന്നാൽ, അത് സംഘടനയ്ക്കകത്ത് മാത്രം പറയാൻ പറ്റുന്ന ന്യായമാണ്. പൊതുജനങ്ങൾക്ക് ഇതൊന്നും അറിയേണ്ട ആവശ്യമില്ല. സ്ഥാനം മോഹിക്കാതെ നാൽപ്പതോ അമ്പതോ വർഷം പ്രവർത്തിച്ചതോ, ഇന്നലെ പാർട്ടിക്ക് വേണ്ടി ചെയ്ത സംഭാവനകളോ ഒന്നും ജനങ്ങൾക്ക് മുന്നിൽ പ്രസക്തമായ കാര്യങ്ങളല്ല. കോന്നിയിലും വട്ടിയൂർക്കാവിലും ഇടതുമുന്നണിയുടെ പ്രധാനപ്പെട്ട വിജയകാരണം മെച്ചപ്പെട്ട സ്ഥാനാർത്ഥി നിർണയമാണ്.
പാർട്ടി കേൾക്കരുത്
സമുദായ സംഘടനകൾക്ക് വലിയ രീതിയിലുള്ള സ്വാധീനം രാഷ്ട്രീയത്തിലില്ല എന്ന് വ്യക്തമാക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആയിരുന്ന ഒരു ഘട്ടത്തിലും ഞാൻ സമുദായ നേതാക്കളുടെ പിന്തുണ നേടിയിട്ടില്ല. എന്നാൽ, സമുദായാംഗങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്. സമുദായ നേതാക്കൾ പറയുന്ന ഇടത്തട്ടുകാരെ ഒഴിവാക്കി സാധാരണ ജനങ്ങളുമായി ബന്ധം സ്ഥാപിക്കാൻ പാർട്ടി തയാറാകണം. സാമുദായിക നീതി നടപ്പാക്കുന്നതിനോട് യോജിപ്പാണ്. പാർട്ടി ഭരണത്തിൽ വരുമ്പോൾ എല്ലാ സമുദായത്തിൽപ്പെട്ടവർക്കും വ്യക്തമായ പ്രാതിനിധ്യം ഉണ്ടാകണം. പക്ഷേ, അത് സമുദായ നേതാക്കൾ പറയുന്നത് കേട്ടാവരുത്.
ഓർമ്മ വേണം
ഈ നിയമസഭയുടെ തുടക്കം തൊട്ടേ ഞങ്ങൾ ചെറിയ പ്രതിപക്ഷമാണ്. കഴിഞ്ഞ നിയമസഭയുടെ കാലയളവിൽ പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫിന് 68 സീറ്റുണ്ടായിരുന്നു. ഉപതിരഞ്ഞെടുപ്പും മറ്റും ഒക്കെ ഉണ്ടായെങ്കിലും 65 സീറ്റിന് താഴേക്ക് അവർ പോയിട്ടില്ല. എന്നാൽ, ഞങ്ങളെ സംബന്ധിച്ച് അതല്ല സ്ഥിതി. ഇടയ്ക്ക് കെ.എം മാണിയുടെ പാർട്ടി മുന്നണി വിട്ടുപോയപ്പോൾ അംഗസംഖ്യ ഇതിനെക്കാളും കുറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രണ്ട് എം.എൽ.എമാരുടെ കുറവ് ഉണ്ടായത് പ്രതിപക്ഷ പ്രവർത്തനങ്ങളെ ബാധിക്കില്ല. നിയമസഭയിൽ ഫലപ്രദമായ വിഷയങ്ങൾ ഉയർത്തി സർക്കാരിനെതിരെ പോരാട്ടം നടത്തും. പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതും കൃത്യമായ സമരങ്ങൾ ആസൂത്രണം ചെയ്യാത്തതുമെല്ലാം പാർട്ടി നേതൃത്വം ഗൗരവമായി കാണേണ്ട വിഷയങ്ങളാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷമേ ഉളളൂ എന്ന് ഓർമ്മ വേണം. അതിനുമുമ്പ് എന്തൊക്കെ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തണം എന്ന് നേതൃത്വം തീരുമാനമെടുക്കണം. അതിനായി സമഗ്രമായ ചർച്ച പാർട്ടിതലത്തിൽ നടക്കേണ്ടതുണ്ട്.