jio

മുംബയ്: ഇന്ത്യൻ ടെലികോം രംഗത്ത് മാറ്റങ്ങളുടെ വിപ്ളവം സൃഷ്‌ടിച്ച് മുന്നേറുന്ന റിലയൻസ് ജിയോയെ ഉടച്ചുവാർക്കാൻ മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്‌ട്രീസ് ഒരുങ്ങുന്നു. അടുത്ത മാർച്ച് 31നകം ജിയോയെ കടബാദ്ധ്യത ഇല്ലാത്ത കമ്പനിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി റിലയൻസ് ഇൻഡസ്‌ട്രീസിന്റെ സമ്പൂർണ ഉടമസ്ഥതയിൽ പുതിയ ഡിജിറ്റൽ കമ്പനി രൂപീകരിക്കും. ജിയോയെയും മറ്റ് ഡിജിറ്റൽ വിഭാഗങ്ങളെയും ഈ കമ്പനിക്ക് കീഴിലാക്കും.

റിലയൻസ് ജിയോയെ ഓഹരി വിപണിയിൽ ലിസ്‌റ്റ് ചെയ്യുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്. പരിഷ്‌കരണങ്ങൾക്ക് റിലയൻസ് ജിയോ ഡയറക്‌ടർ ബോർ‌ഡ് അനുമതി നൽകി. ജിയോയുടെ കടബാദ്ധ്യതയായ 1.08 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ നിക്ഷേപത്തോടെയാണ് പുതിയ കമ്പനി രൂപീകരിക്കുക. ജിയോയുടെ ബാദ്ധ്യതകൾ ഓപ്‌ഷണലി കൺവെർട്ടിബിൾ പ്രിഫറൻസ് ഷെയറുകളിലൂടെ (കടപ്പത്രം - ഒ.സി.പി.എസ്) പുതിയ കമ്പനിക്ക് കൈമാറും. പത്തുവർഷമായിരിക്കും ഒ.സി.പി.എസി.ന്റെ കാലാവധി.

ജിയോയിൽ റിലയൻസ് ഇൻഡസ്‌ട്രീസിനുള്ള 65,000 കോടി രൂപയുടെ ഇക്വിറ്രി ഷെയറുകളും പുതിയ കമ്പനി വാങ്ങും. ഇത്, അടുത്ത മാർച്ച് 31ഓടെ ജിയോയുടെ സ്‌പെക്‌ട്രം സംബന്ധമായത് ഒഴികെയുള്ള എല്ലാ ബാദ്ധ്യതകളും ഇല്ലാതാകും. ജിയോയുടെ 1.25 ലക്ഷം കോടി രൂപവരുന്ന ബാദ്ധ്യകൾ ഈവർഷം മാർ‌ച്ചിൽ ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്ര്‌മെന്റ് ട്രസ്‌റ്റിന് കൈമാറിയിരുന്നു. ഇതോടെ, ജിയോയുടെ മൂല്യം (ബാലൻസ് ഷീറ്റ്) 2.37 ലക്ഷം കോടി രൂപയാവുകയും ചെയ്‌തു.

പുതിയ പരിഷ്‌കരണത്തിന്റെ ഭാഗമായി ധനകാര്യ (ഫിനാൻഷ്യൽ), സ്‌ട്രാറ്റജിക് (ഓഹരി അധിഷ്‌ഠിത) നിക്ഷേപകരിൽ നിന്ന് നിക്ഷേപം തേടുമെന്ന് റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഇത് ജിയോയുടെ ബാദ്ധ്യത കുറയ്‌ക്കുകയും പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ നടപടികൾ ഓഹരി ഉടമകൾക്കും നേട്ടമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഘടകങ്ങളും

പുതിയ കമ്പനിയിലേക്ക്

ടെലികോം സേവനങ്ങൾക്ക് പുറമേ മൈജിയോ ആപ്പ്, ജിയോ ടിവി., ജിയോ സിനിമ, ജിയോ ന്യൂസ്, ജിയോ സാവൻ എന്നിവ അടങ്ങുന്നതാണ് ജിയോ പ്ളാറ്റ്‌ഫോം. 2018-19ൽ റിലയൻസ് ഇൻഡസ്‌ട്രീസിൽ നിന്ന് നിക്ഷേപം ലഭിച്ച സ്‌റ്റാർട്ടപ്പുകളായ ഫാർമ സോഫ്‌റ്ര്‌വെയർ കമ്പനി സി-സ്‌ക്വയർ, ഈസിഗവ്, എ.ഐ ലേണിംഗ് പ്ളാറ്റ്‌ഫോമായ എംബൈബ്, റീട്ടെയിൽ സൊല്യൂഷൻ കമ്പനിയായ ഫൈൻഡ്, ലോജിസ്‌റ്രിക്‌സ് സ്ഥാപനം ഗ്രാബ്, എ.ഐ പ്ളാറ്റ്‌ഫോം ഹപ്‌റ്റിക്, മ്യൂസിംഗ് സ്‌ട്രീമിംഗ് പ്ളാറ്റ്‌ഫോമായ സാവൻ, ടെക് സ്‌റ്റാർട്ടപ്പായ ടെസറാക്‌റ്റ്, ഭാഷാ പ്ളാറ്റ്‌ഫോമായ റിവേറീ എന്നിവയും പുതിയ കമ്പനിക്ക് കീഴിലാകും. ആഗോള ടെക് സ്‌റ്റാർട്ടപ്പുകളായ ഡെൻ, ഹാത്ത്‌വേ, ഇറോസ് ഇന്റർനാഷണൽ, എഡ്കാസ്‌റ്റ് തുടങ്ങിയവയിലും റിലയൻസ് ഇൻഡസ്‌ട്രീസിന് നിക്ഷേപമുണ്ട്.

35.5 കോടി

റിലയൻസ് ജിയോയ്ക്ക് 35.5 കോടി ഉപഭോക്താക്കളുണ്ട്. പ്രതിമാസം ശരാശരി 80 ലക്ഷം - ഒരുകോടി വരിക്കാരെയാണ് കമ്പനി പുതുതായി നേടുന്നത്.

₹120

ഓരോ ഉപഭോക്താവിൽ നിന്നും ജിയോയ്ക്ക് കിട്ടുന്ന ശരാശരി വരുമാനം (എ.ആർ.പി.യു) 120 രൂപയാണ്. കഴിഞ്ഞവർഷം ഇത് 132 രൂപയായിരുന്നു.

₹12,354 കോടി

ജൂലായ്-സെപ്‌തംബറിൽ ജിയോയുടെ പ്രവർത്തന വരുമാനം 12,354 കോടി രൂപ. വർദ്ധന 34 ശതമാനം.

₹990 കോടി

ജിയോയുടെ ലാഭം ജൂലായ് - സെപ്‌തംബറിൽ 990 കോടി രൂപ. വർദ്ധന 45 ശതമാനം.