റിയാലിറ്റി ഷോയിലൂടെയും പിന്നീട് വികൃതി എന്ന സൗബിൻ ഷാഹിർ - സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലൂടെയുമാണ് ആർക്കിടെക്ട് ആയ വിൻസി അലോഷ്യസ് മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറുന്നത്. വികൃതിയിൽ സൗബിന്റെ നായികയായി എത്തിയ വിൻസി ഇപ്പോൾ സിനിമാരംഗത്ത് സജീവമാണ്. അതിനിടെയാണ് തന്റെ കുട്ടിക്കാലത്തെ ചില അനുഭവങ്ങളിൽ നിന്നും മനസിലാക്കിയ കാര്യങ്ങൾ വിൻസി ആരാധകരുമായി പങ്കുവച്ചത്. മൂന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയാണ് വിൻസി തന്റെ ആരാധകർക്ക് ഉപദേശങ്ങൾ നൽകിയത്.
നിങ്ങൾ പിള്ളേർക്ക് ഞാൻ ചില ഉപദേശങ്ങൾ തരാം എന്ന് പറഞ്ഞുകൊണ്ട് വിൻസി ഉപദേശം തുടങ്ങുന്നത് ഇങ്ങനെയാണ്. ഗ്രൂപ്പ് ഫോട്ടോ എടുക്കുമ്പോൾ മുൻപിൽ തന്നെ നിൽക്കണം. മാത്രമല്ല അപ്പോൾ ക്യാമറയുടെ നേർക്ക് തന്നെ നോക്കണം. മറ്റ് കുട്ടികൾ എന്ത് ചെയ്യുന്നു എന്ന് നോക്കുകയേ ചെയ്യരുത്. ഇതാണ് വിൻസിയുടെ ആദ്യത്തെ ഉപദേശം. താൻ സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തെ ഒരു ഫോട്ടോയാണ് വിൻസി ഇതിന് തെളിവായി നൽകിയിരിക്കുന്നത്.
രണ്ടാമത്തെ ഉപദേശം ഇങ്ങനെ. ഒരിക്കലും ടീച്ചർമാരെ കൊണ്ട് മേക്കപ്പ് ചെയ്യിക്കാൻ അനുവദിക്കരുത്. എന്നെ വിശ്വാസിക്ക്. പിന്നീട് അനുഭവിക്കേണ്ടി വരും. കുട്ടിക്കാലത്ത് ടീച്ചർ 'പുട്ടി'യിട്ട രൂപത്തിൽ നിൽക്കുന്ന തന്റെ ചിത്രമാണ് വിൻസി ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത്. അടുത്ത പോസ്റ്റിലൂടെ വിൻസി പണി കൊടുത്തിരിക്കുന്നത് സ്വന്തം അമ്മയ്ക്കാണ്.
അമ്മമാരെ കൊണ്ട് ഒരിക്കലും സ്വന്തം മുടിയിൽ തൊടിയിക്കരുതെന്നും അവർ നിങ്ങളുടെ ചുരുണ്ട മുടി സ്ട്രൈറ്റ് ആകുമെന്നും അതിൽ എണ്ണ നിറയ്ക്കുമെന്നും ആവശ്യമില്ലാത്ത സമ്മർദ്ദം നൽകുമെന്നുമാണ് വിൻസി പറയുന്നത്. ദൈവത്തെ വിചാരിച്ച് അവരെ സ്വന്തം മുടിയിൽ തൊടാൻ അനുവദിക്കരുതെന്നും വിൻസി പറയുന്നു. ഏതായാലും വിൻസിയുടെ ഈ തമാശ ആരാധകർക്ക് രസിച്ച മട്ടുണ്ട്. അൽപ്പസമയം കൊണ്ട് നിരവധി പേരാണ് വിൻസിയുടെ പോസ്റ്റുകൾ ലൈക്കുകളും കമന്റുകളും കൊണ്ട് മൂടിയത്.