ചണ്ഡിഗഡ്: മുൻ എം.പിയും ജനനായക് ജനതാ പാർട്ടി (ജെ.ജെ.പി) നേതാവ് ദുഷ്യന്ത് ചൗട്ടാലയുടെ പിതാവുമായ അജയ് ചൗട്ടാലയെ തിഹാർ ജയിലിൽനിന്ന് താത്കാലികമായി മോചിപ്പിച്ചു. ഇന്നുമുതൽ രണ്ടാഴ്ചത്തേക്ക് അജയ് ചൗട്ടാലയെ മോചിതനാക്കിയതായി ജയിൽമേധാവി സന്ദീപ് ഗോയലാണ് അറിയിച്ചത്. ജെ.ജെ.പിയുടെ പിന്തുണയോടെ ഹരിയാനയിൽ ബി.ജെ.പി സർക്കാരുണ്ടാക്കുകയും ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവുകയും ചെയ്യുന്നതിന് പിന്നാലെയാണ് അജയ്‌ക്ക് താത്കാലിക മോചനമനുവദിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ദുഷ്യന്ത് ചൗട്ടാല തിഹാർ ജയിലിലെത്തി അജയ് ചൗട്ടാലയെ കണ്ടിരുന്നു.
ഹരിയാനയിൽ 3000ഓളം പേർക്ക് അനധികൃതമായി അദ്ധ്യാപകനിയമനം നൽകിയതുമായി ബന്ധപ്പെട്ടുള്ള അഴിമതിയാരോപണത്തെ തുടർന്ന് 2013ലാണ് അജയ് ചൗട്ടാലയ്ക്ക് ഡൽഹി കോടതി തടവ് ശിക്ഷ വിധിച്ചത്. ഈ വിധി സുപ്രീംകോടതിയും ശരിവച്ചിരുന്നു. പിതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയും ഇതേകേസിൽ അജയ്‌യ്ക്കൊപ്പം തിഹാർ ജയിലിലാണ് .