shivasena

മുംബൈ: ഭരണ കാലാവധി പങ്കിടണമെന്ന നിലപാട് ശിവസേന കടുപ്പിച്ചതോടെ , മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു ദിവസം പിന്നിട്ടിട്ടും സർക്കാർ രൂപീകരിക്കുന്നതിന്റെ കാര്യത്തിൽ ധാരണയായിട്ടില്ല. രണ്ടര വർഷം വീതമായി ശിവസേനയും ബി.ജെ.പി ഭരണം പങ്കിടണമെന്നതാണ് ശിവസേനയുടെ ആവശ്യം. രണ്ടര വർഷം കഴിഞ്ഞ ശേഷം മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് തരണം എന്നത് എഴുതി നൽകണമെന്നും ശിവസേന ബി.ജെ.പിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ചെയ്‌താൽ മാത്രമേ സർക്കാർ രൂപീകരിക്കുന്ന കാര്യവുമായി മുന്നോട്ട് പോകൂ എന്നും ശിവസേന ബി.ജെ.പിയെ അറിയിച്ചിട്ടുള്ളതായി പറയപ്പെടുന്നു. ബി.ജെ.പി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

അതേസമയം ബാന്ദ്ര മാതോ ശ്രീയിൽ നിയമസഭാ കക്ഷിയോഗത്തിനെത്തിയ നിയുക്ത എം.എൽ.എമാർ ആദിത്യ താക്കറെയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്നും ആദിത്യ ആ പദവിയിൽ എത്തണമെന്നുമാണ് ശിവസേനാ എം.എ.എമാരുടെ ആവശ്യം. ആദിത്യയുടെ അച്ഛനും ശിവസേനാ തലവനുമായ ഉദ്ധവ് താക്കറെ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും ശിവസേനയ്ക്കും സീറ്റ് കുറഞ്ഞ പശ്ചാത്തലത്തിലാണ് നേതൃ പദവി പങ്കിടണമെന്ന ശിവസേന ആവശ്യപ്പെട്ടത്. മൊത്തം 288 അംഗങ്ങളുള്ള സഭയിൽ ബി.ജെ.പിയുടെ സീറ്റുകൾ 122ൽ നിന്നും 105 ആയി കുറഞ്ഞിരുന്നു. അതേസമയം ശിവസേന എം.എൽ.എമാരുടെ എണ്ണം 63ൽനിന്ന് 56 ആയും കുറഞ്ഞിരുന്നു.