news

1. തിരുവനന്തപുരം കരമനയില്‍ നടന്ന ഏഴ് പേരുടെ ദുരൂഹ മരണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച പറ്റി എന്ന് കണ്ടെത്തല്‍. ദുരൂഹ മരണങ്ങളിലെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പൊലീസ് പൂഴ്ത്തി. 2018 സെപ്റ്റംബറില്‍ ക്രൈംബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ഉണ്ടായില്ല എന്ന് ആരോപണം. മരണത്തിലും ഭൂസ്വത്ത് കൈമാറ്റിയതിലും ദുരൂഹത എന്നായിരുന്നു റിപ്പോര്‍ട്ട്. ബന്ധുവായ പ്രസന്ന കുമാരി വീണ്ടും പരാതി നല്‍കിയപ്പോഴാണ് പൊലീസ് കേസ് എടുത്തത്.
2. സംഭവത്തില്‍ ദുരൂഹത ആവര്‍ത്തിച്ച് ബന്ധു പ്രസന്നകുമാരി. വ്യാജ രേഖ ചമച്ച് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ സ്വത്തുക്കള്‍ തട്ടിയെടുത്തു. സ്വത്ത് പലരുടെ പേരിലേക്കും മാറ്റി എഴുതി പണമുണ്ടാക്കി. ജയപ്രകാശിന്റെയും ജയമാധലിന്റെയും മരണത്തിലാണ് സംശയം. ഇവര്‍ മാനസിക രോഗികള്‍ ആണെന്ന് തെളിയിക്കുന്ന രേഖകകള്‍ കത്തിച്ചു. വില്‍പത്രത്തിന് നിയമസാധുത കിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്തത്. കൂട്ടത്തില്‍ കാര്യസ്ഥന്‍ ഭീഷണിപ്പെടുത്തി എന്നും പ്രസന്ന കുമാരി.
3. അതിനിടെ, കരമനയിലെ ദുരൂഹ മരണങ്ങളില്‍ തനിക്ക് എതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍. ഉമാ മന്ദിരവും ആയി തനിക്ക് കുട്ടിക്കാലം മുതല്‍ ഉള്ള ബന്ധം. ജയമാധവന്‍ തനിക്ക് സ്വത്ത് നല്‍കിയത് സ്‌നേഹബന്ധത്തിന്റെ പുറത്ത്. കേസില്‍ പരാതി തന്നവര്‍ ഭാഗം നടക്കുമ്പോള്‍ ഗുണ്ടാ പിരിവ് ചോദിച്ചവര്‍. കുടുംബത്തില്‍ നടന്ന മരണങ്ങള്‍ സ്വാഭാവികം എന്നും രവിന്ദ്രന്‍ നായര്‍ പ്രതികരിച്ചു. ജയമാധവന്‍ നായരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു എന്നും രവീന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ല.
4. കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെ പ്രതികരണവും ആയി മരണപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രക്ഷിതാക്കള്‍ രംഗത്ത്. സര്‍ക്കാരില്‍ വിശ്വാസം ഇല്ല എന്ന് തുറന്നടിച്ച് രക്ഷിതാക്കള്‍. കേസ് ശരിയായ ദിശയില്‍ അല്ല. അപ്പീല്‍ പോകാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയായില്ല എന്നും രക്ഷിതാക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇരട്ട കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് എതിരെ സര്‍ക്കാര്‍ ഇന്ന് ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ അപ്പീല്‍ നല്‍കിയിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല എന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ചൊവ്വാഴ്ച ബെഞ്ച് പരിഗണിക്കും.


5. കൃത്യത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ഗൂഢാലോചന ഉണ്ട് എന്നും നിഷ്പക്ഷ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രണ്ടാഴ്ച മുന്‍പ് ഉത്തരവ് ഇട്ടത്. എത്രയും വേഗം കേസ് സി.ബി.ഐയ്ക്ക് കൈമാറണം എന്നായിരുന്നു കോടതി നിര്‍ദേശം. രണ്ട് യുവാക്കള്‍ അതിക്രൂരമായി കൊല്ലപ്പെട്ട കേസാണ് ഇത് എന്ന് ഓര്‍മ്മിപ്പിച്ച കോടതി, കോസില്‍ ഗൗരവ പൂര്‍ണവും കാര്യക്ഷമവും ആയ അന്വേഷണം നടന്നിട്ടില്ല എന്ന് നിരീക്ഷിച്ചിരുന്നു.
6. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ. വിനോദിന്റെ ഭൂരിപക്ഷം കുറയാന്‍ കാരണം നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ ആണെന്ന ഹൈബി ഈഡന്‍ എം.പിയുടെ ആരോപണത്തിന് മറുപടിയുമായി മേയര്‍ സൗമിനി ജയിന്‍. കൊച്ചിയുടെ വളര്‍ച്ചയില്‍ ഓരോ ജനപ്രതിനിധിയ്ക്കും ഉത്തരവാദിത്തം ഉണ്ട് എന്ന് മേയര്‍. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോര. ചിലര്‍ കോര്‍പറേഷന് എതിരെ തിരിയുന്നത് തെറ്റിദ്ധാരണ കാരണം എന്നും മേയര്‍
7. ഉപ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹൈബി ഈഡന്‍ എം.പിയാണ് കോര്‍പ്പറേഷന് എതിരെ ഉന്നയിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍. അതിനിടെ, കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റാന്‍ നേതൃത്വത്തില്‍ നിന്നും മുറവിളി ഉയരുന്നതിനിടെ, നേതാക്കളുടെ നീക്കത്തിന് തടയിട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. ഉപ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതിന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട് എന്ന് മുല്ലപ്പള്ളി. കോര്‍പ്പറേഷനെ മാത്രം പഴിചാരുന്നത് ശരിയല്ല. ഇത് വരാനിരിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വയം കുഴിതോണ്ടിയതിന് സമാനം ആണെന്നാണും ഒരു വിഭാഗം നേതാക്കളുടെ ആരോപണം
8. മേയറെ മാറ്റുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടായിലെങ്കിലും അധികം വൈകാതെ കോര്‍പ്പറേഷനില്‍ വന്‍ അഴിച്ചുപണി ഉണ്ടാവും. തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് കാരണം കോര്‍പ്പറേഷനിലെ ഭരണ പരാജയമാണെന്ന ഐ ഗ്രൂപ്പുകാരുടെ ആരോപണത്തെ എ ഗ്രൂപ്പുകാര്‍ തന്നെ കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു.
9. ദേശീയ അധ്യക്ഷനെ തേടി ബി.ജെ.പിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ നിലപാട് അറിയിച്ച് കുമ്മനം രാജശേഖരന്‍. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്വീകരിക്കും. പാര്‍ട്ടിയെ അനുസരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും ബാധ്യസ്ഥരാണ്. പാര്‍ട്ടിക്ക് അതിന്റേതായ കീഴ്വഴക്കങ്ങളും നിയമങ്ങളും ഭരണഘടനയും ഉണ്ട്. അത് അനുസരിച്ച് തീരുമാനം എടുക്കും എന്നും അധ്യക്ഷനെ സംബന്ധിച്ച് ആര്‍.എസ്.എസിന് പ്രത്യേക അഭിപ്രായം ഇല്ലെന്നും കുമ്മനം രാജശേഖരന്‍
10. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണ്ണര്‍ ആതോടെ ആണ് പുതിയ അധ്യക്ഷനെ തേടി ചര്‍ച്ചകള്‍ സജീവം ആയത്. വി മുരളീധരപക്ഷം കെ.സുരേന്ദ്രന്റെ പേരും പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിന്റെ പേരുമാണ് ഉയര്‍ത്തുന്നത്. വത്സന്‍ തില്ലങ്കേരിയുടെ പേരില്‍ ആര്‍ എസ്.എസിന് താല്‍പര്യം ഉണ്ടെന്നാണ് അറിവ്. ശോഭ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തില്‍ നോട്ടമുണ്ട്. ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവില്‍ കേന്ദ്രനേതൃത്വം ആവും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക