ലക്‌നൗ: ഹിന്ദു സമാജ് പാർട്ടി നേതാവായിരുന്ന കമലേഷ് തിവാരി കൊല്ലപ്പെട്ടതിന് പിന്നാലെ, ഭാര്യ കിരൺ തിവാരി പാർട്ടിയുടെ ചുമതല ഏറ്റെടുക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പാർട്ടിയുടെ ചുമതലയേൽക്കാൻ താൻ തയ്യാറാണെന്നും പൂർണ ആത്മവിശ്വാസമുണ്ടെന്നും 40കാരിയായ കിരൺ തിവാരി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഖുർഷിദാബാദിലെ സ്വന്തം വസതിക്ക് സമീപത്തു വച്ച് കമലേഷ് തിവാരി വെടിയേറ്റ് മരിച്ചത്. കൊലപാതകത്തിൽ മുഖ്യപ്രതികൾ 24മണിക്കൂറിനകം അറസ്റ്റിലായിരുന്നു. ദീപാവലി സമ്മാനം നൽകാനെന്ന വ്യാജേന എത്തിയ കാവിവസ്ത്രധാരികളായ അക്രമികൾ ഒഫീസിനുള്ളിൽ അതിക്രമിച്ച് കയറി തിവാരിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. നിരവധി തവണ കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് അക്രമികൾ തിവാരിക്കുനേരെ വെടിയുതിർത്തത്.
തിവാരിയുടെ ശരീരത്തിൽ 15 തവണ കുത്തിയതായും മുഖത്ത് വെടിവച്ചതായും പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കീഴ്ത്താടിക്കും നെഞ്ചിനും ഇടയിലാണ് കുത്തേറ്റത്. എല്ലാ മുറിവുകൾക്കും 10 സെന്റിമീറ്ററോളം ആഴമുണ്ട്. കഴുത്തിലും ആഴത്തിലുള്ള മുറിപ്പാടുകളുണ്ട്. കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ ഭാഗമായാണിതെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ വിശദമാക്കിയിട്ടുണ്ട്.