tejbahadur-

ന്യൂഡൽഹി: സൈനികർക്കു ലഭിക്കുന്ന മോശം ഭക്ഷണത്തെക്കുറിച്ച് 2017ൽ ഫേസ്ബുക്കിൽ ലൈവ് വീഡിയോ ഇട്ടതിന് ബി.എസ്.എഫിൽനിന്ന് പുറത്താക്കിയ തേജ് ബഹദൂർ യാദവ് ജെ.ജെ.പി പാർട്ടിയിൽനിന്ന് രാജിവച്ചു. വെള്ളിയാഴ്ച ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിലൂടെയാണ് തേജ്ബഹദൂർ തന്റെ തീരുമാനം വെളിപ്പെടുത്തിയത്. ജെ.ജെ.പി ബി.ജെ.പിയുടെ ബി ടീമാണെന്നും ദുഷ്യന്ത് ചൗട്ടാല ജനങ്ങളെ വഞ്ചിച്ചെന്നും ആരോപിച്ചാണ് തേജ്ബഹദൂർ പാർട്ടി വിടുന്നതായി മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലൂടെ അറിയിച്ചത്. ഹരിയാനയിൽ സർക്കാരുണ്ടാക്കാൻ ജെ.ജെ.പി,​ ബി.ജെ.പിയുമായി കൈകോർത്തതിന് പിന്നാലെയാണ് വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ മാസമാണ് തേജ്ബഹദൂർ യാദവ് ജെ.ജെ.പിയിൽ ചേർന്നത്. മനോഹർ ലാല്‍ ഖട്ടറിനെതിരെ കർണാലിൽ നിന്നു മത്സരിച്ച തേജ്ബഹദൂറിന് വളരെ കുറച്ച് വോട്ടുകൾ മാത്രമാണ് നേടാനായത്. ദുഷ്യന്ത് ചൗട്ടാലയ്ക്ക് കിട്ടിയ പത്ത് സീറ്റുകൾ അദ്ദേഹത്തിന്റെ മുത്തച്ഛനായ അന്തരിച്ച മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവി ലാലിന്റെ വ്യക്തി പ്രഭാവം കൊണ്ടുകൂടി നേടിയതാണെന്നാണ് തേജ്ബഹദൂ‌ർ പറയുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനും തേജ്ബഹദൂർ ശ്രമിച്ചിരുന്നു. വരണാസിയിൽ നിന്ന് എസ്.പി ടിക്കറ്റിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു.