muhurat-trading

കൊച്ചി: മാന്ദ്യകാലത്തിന് വിരാമവും നേട്ടങ്ങളുടെ പൂക്കാലത്തിന് തുടക്കവും പ്രതീക്ഷിച്ച് ലോകം സംവത് - 2076 ഐശ്വര്യവർഷത്തിലേക്ക് ചുവടുവയ്‌ക്കുന്നു. ഗുജറാത്തി ഹൈന്ദവ വിശ്വാസപ്രകാരമുള്ള, 'സംവത്-2076"ന് ഉത്തരേന്ത്യൻ ദീപാവലി ദിനമായ നാളെ തുടക്കമാകും. ഇതിനു മുന്നോടിയായുള്ള മുഹൂർത്ത വ്യാപാരം ഇന്ന് വൈകിട്ട് 6.15 മുതൽ 7.15വരെ ബി.എസ്.ഇയിലും (സെൻസെക്‌സ്) എൻ.എസ്.ഇയിലും (നിഫ്‌റ്റി) നടക്കും.

പുതുതായി ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം ഉയർത്താനും ഏറ്റവും ഐശ്വര്യപൂർണമെന്ന് നിക്ഷേപക ലോകം കരുതുന്ന മുഹൂർത്തമാണിത്. പുതിയ വീട്, സ്ഥലം, വാഹനം, ആഭരണങ്ങൾ, വസ്‌ത്രങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച സമയമെന്നും ഇത് വിശ്വസിക്കപ്പെടുന്നു. ജ്യോതിഷ പണ്ഡിതരാൽ കൃത്യമായി നിശ്‌ചയിക്കപ്പെട്ട സമയത്താണ് മുഹൂർത്ത വ്യാപാരം സംഘടിപ്പിക്കുന്നത്. ഐശ്വര്യദേവതയായ ലക്ഷ്‌മീദേവിക്ക് പൂജകൾ അർപ്പിച്ചുകൊണ്ടാണ് മുഹൂർത്ത വ്യാപാരത്തിന് തുടക്കമാകുക. ദീപാവലി പ്രമാണിച്ച് നാളെ ഓഹരി വിപണികൾക്ക് അവധിയാണ്.

സംവത് - 2075ന്

നേട്ടങ്ങളോടെ വിട

കഴിഞ്ഞവർഷം ദീപാവലി മുതൽ ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വരെ നീണ്ട സംവത് - 2075 വർ‌ഷത്തെ പ്രവർത്തന ദിനങ്ങളിലായി 4,066 പോയിന്റ് (11.62 ശതമാനം) നേട്ടമാണ് സെൻസെക്‌സ് കൊയ്‌തത്. നിഫ്‌റ്റി 1,053 പോയിന്റും (പത്തു ശതമാനം) മുന്നേറി. മൊത്തം എട്ടുലക്ഷം കോടി രൂപയുടെ വർദ്ധനയാണ് സംവത്-2075ൽ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായത്.

₹1.18 ലക്ഷം കോടി

സംവത്-2075ലെ മുഹൂർത്ത വ്യാപാരത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നേട്ടമാണ് സെൻസെക്‌സിലെ നിക്ഷേപകർ കൊയ്തത്. സെൻസെക്‌സ് 245 പോയിന്റും നിഫ്‌റ്റി 68 പോയിന്റും അന്ന് നേട്ടമുണ്ടാക്കി.

മുഹൂർത്ത വ്യാപാരം:

ലാഭവും നഷ്‌ടവും

 സംവത് 2071 മുഹൂ‌ർത്ത വ്യാപാരം: സെൻസെക്‌സ് 63 പോയിന്റും നിഫ്‌റ്റി 18 പോയിന്റും ഉയർന്നു

 സംവത് 2072: സെൻസെക്‌സിന്റെ നേട്ടം 123 പോയിന്റ്. നിഫ്‌റ്റി 41 പോയിന്റ്

 2073: സെൻസെക്‌സ് 11 പോയിന്റും നിഫ്‌റ്റി 12 പോയിന്റും നഷ്‌ടം കുറിച്ചു

 2074: സെൻസെക്‌സിന്റെ നഷ്‌ടം 194 പോയിന്റ്. നിഫ്‌റ്റി 64 പോയിന്റും ഇടിഞ്ഞു

 2075: സെൻസെക്‌സ് 245 പോയിന്റും നിഫ്‌റ്റി 68 പോയിന്റും ഉയർന്നു

സംവത്-2076ന്റെ പ്രതീക്ഷ

സെൻസെക്‌സ് 46,000 പോയിന്റും നിഫ്‌റ്രി 14,000 പോയിന്റും അടുത്തവർഷം ദീപാവലിക്കകം ഭേദിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

സ്വർണം സമ്മാനിച്ചത്

21 ശതമാനം നേട്ടം

കഴിഞ്ഞ ഒരുവർഷക്കാലം (സംവത്-2075) സ്വർണവും വെള്ളിയും നിക്ഷേപകർക്ക് സമ്മാനിച്ച നേട്ടം 21 ശതമാനമാണ്. വിവിധ വിഭാഗങ്ങളിൽ ഒരുലക്ഷം രൂപ കഴിഞ്ഞവർഷത്തിന്റെ തുടക്കത്തിൽ നിക്ഷേപിച്ചവർക്ക് വർഷാന്ത്യം ലഭിച്ച ആകെത്തുക ചുവടെ:

സ്വർണം : ₹1.21 ലക്ഷം (ലാഭം ₹21,000)

വെള്ളി : ₹1.21 ലക്ഷം

ബാങ്ക് എഫ്.ഡി : ₹1.06 ലക്ഷം

10 വർഷ കടപ്പത്രം : ₹1.07 ലക്ഷം

ബാങ്കിംഗ് ഇൻഡക്‌സ് : ₹1.14 ലക്ഷം

നിഫ്‌റ്രി ഇൻഡക്‌സ് : ₹1.10 ലക്ഷം

ഡോളർ : ₹96,990 (നഷ്‌ടം ₹3,010)

ക്രൂഡോയിൽ : ₹84,605