prd


എൻ.ഐ.ഒ.എസ് മുഖേന പത്താംതരം വിജയിച്ചവർക്ക് സ്‌കോൾ - കേരളയിൽ
പ്ലസ് വൺ പ്രവേശനത്തിന് അവസരം
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂൾ മുഖേന പത്താംതരം വിജയിച്ചവർക്ക് സ്‌കോൾ-കേരള മുഖേന ഹയർ സെക്കൻഡറി പ്രവേശനം നേടുന്നതിന് 2011ൽ ഏർപ്പെടുത്തിയ നിബന്ധനകൾക്ക് ഈ അദ്ധ്യയന വർഷത്തേക്കു കൂടി സർക്കാർ ഇളവ് അനുവദിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ എൻ.ഐ.ഒ.എസ് വിഭാഗത്തിൽപ്പെട്ട നിർദിഷ്ട യോഗ്യത നേടിയവർക്കും സ്‌കോൾ മുഖേന പ്ലസ് വണ്ണിന് പ്രൈവറ്റായി ചേർന്ന് പഠിക്കാനാഗ്രഹിക്കുന്ന മറ്റ് വിദ്യാർഥികൾക്കും സ്‌കോളിന്റെ സംസ്ഥാന കാര്യാലയത്തിൽ രജിസ്‌ട്രേഷനുള്ള പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിർദിഷ്ട രേഖകളുമായി നവംബർ രണ്ടിന് മുമ്പ് സംസ്ഥാന ഓഫീസിൽ ഹാജരായി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. ഇതിനകം ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി അപേക്ഷയും അനുബന്ധ രേഖകളും കൈവശം സൂക്ഷിച്ചിട്ടുള്ളവർ നവംബർ രണ്ടിന് മുമ്പായി ലഭിക്കത്തക്കവിധം അയക്കണം. വിശദാംശങ്ങൾക്ക് സ്‌കോൾ കേരള സംസ്ഥാന/ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക. ഫോൺ: 0471-2342950, 2342271, 2342369.

നോർക്ക റൂട്ട്​സ് ഡയറക്‌​ടേഴ്​സ് സ്‌​കോളർഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി
തിരുവനന്തപുരം:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽക്കുന്നതിനുള്ള നോർക്ക റൂട്ട്​സ് ഡയറക്‌​ടേഴ്​സ് സ്‌​കോളർഷിപ്പ് പദ്ധതിയ്ക്ക് തുടക്കമായി. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയിട്ടുള്ള ഇ.സി.ആർ വിഭാഗത്തിൽപ്പെട്ട അവിദഗ്ദ്ധ തൊഴിലാളികൾ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട പ്രവാസി കേരളീയരുടെ മക്കൾക്കും നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട പ്രവാസികളുടെ മക്കൾക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. തിരികെ വന്നിട്ടുള്ളവരുടെ വാർഷിക വരുമാനം പരിധി ഒരു ലക്ഷം രൂപയ്ക്ക് താഴെയായി നിശ്ചയിച്ചിട്ടുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നോർക്ക റൂട്ട്​സിന്റെ ഇൻഷ്വറൻസ് കാർഡോ, ക്ഷേമനിധി ബോർഡ് അംഗത്വ കാർഡോ ഉണ്ടായിരിക്കണം. ബിരുദാനന്തര ബിരുദ കോഴ്​സുകൾ (ആർട്സ്/ സയൻസ് വിഷയങ്ങളിൽ), എം.ബി.ബി.എസ്/ ബി.ഡി.എസ്/ ബി.എച്ച്.എം.എസ്/ ബി.എ.എം.എസ്/ ബിഫാം/ ബി.എസ്‌സി.നഴ്​സിംഗ്/ ബി.എസ്.സി.എം.എൽ.റ്റി./ എൻജിനിയറിംഗ്/ അഗ്രിക്കൾച്ചർ/ വെറ്ററിനറി ബിരുദ കോഴ്​സുകൾക്ക് 2019-20 അദ്ധ്യയന വർഷം ചേർന്ന വിദ്യാർത്ഥികൾക്കാണ് ആനൂകൂല്യം ലഭിക്കുന്നത്.
പഠിക്കുന്ന കോഴ്​സുകൾക്കുവേണ്ട യോഗ്യതാ പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്‌​കോളർഷിപ്പ് നൽകുക. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരിൽ ബിരുദത്തിന് സയൻസ് വിഷയങ്ങൾക്ക് 75 ശതമാനത്തിന് മുകളിലും, ആർട്​സ് വിഷയങ്ങൾക്ക് 60 ശതമാനത്തിന് മുകളിലും മാർക്ക് കരസ്ഥമാക്കിയവർക്കായിരിക്കും സ്‌​കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത. പ്രൊഫഷണൽ ബിരുദ കോഴ്​സിന് പഠിക്കുന്നവർ പ്ലസ്ടുവിന് 75 ശതമാനം മാർക്കിന് മുകളിൽ നേടിയിരിക്കണം. റഗുലർ കോഴ്​സുകൾക്ക് പഠിക്കുന്നവർക്ക് മാത്രമേ സ്‌കോളർഷിപ്പിന് അർഹതയുള്ളു. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച കോഴ്​സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥപനങ്ങളിൽ പഠിക്കുന്നവർക്കുമായിരിക്കും സ്‌​കോളർഷിപ്പിന് അർഹത.
അപേക്ഷാഫോം www.norkaroots.org ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ചീഫ് എക്​സിക്യൂട്ടീവ് ഓഫീസർ, നോർക്ക റൂട്ട്​സ്, 3-ാം നില, നോർക്ക സെന്റർ, തൈക്കാട്, തിരുവനന്തപുരം-695014 വിലാസത്തിൽ നവംബർ 30 നകം ലഭിക്കണം. ഫോൺ: ടോൾ ഫ്രീ നമ്പർ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.

എസ്.സി.ഇ.ആർ.ടിയിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവന്തപുരം: സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കേന്ദ്രത്തിലേക്ക് ആർട്ട് എഡ്യൂക്കേഷൻ, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്‌പെഷ്യൽ എഡ്യൂക്കേഷൻ, ഇൻ സർവീസ് ട്രെയിനിംഗ് എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/ റിസർച്ച് ഓഫീസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. ഇതിലേക്കായി സർക്കാർ സ്‌കൂളുകൾ, അദ്ധ്യാപക പരിശീലന കേന്ദ്രങ്ങൾ, കോളേജുകൾ, ട്രെയിനിംഗ് കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ വകുപ്പ് മേലധികാരികളുടെ എൻ.ഒ.സി സഹിതം നവംബർ 11ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനം. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.


സുരക്ഷാ സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ പ്രഖ്യാപിച്ച സുരക്ഷാ സ്വയം തൊഴിൽ പദ്ധതിയിൽ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ 2014-15 വർഷത്തെ മദ്യനയത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതും കേരള അബ്കാരി തൊഴിൽ ക്ഷേമനിധി ബോർഡിലോ ഇ.പി.എ.ഫ് പദ്ധതിയിലോ അംഗത്വം ഉണ്ടായിരുന്നയാൾ ആയിരിക്കണം. അപേക്ഷാഫോമും നിർദേശങ്ങളും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം/ എറണാകുളം/ കോഴിക്കോട് മേഖലാ ഓഫീസുകളിൽ നിന്ന് സൗജന്യമായി ലഭിക്കും. അർഹരായവർ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറെ സമീപിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട മേഖല വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർക്ക് സമർപ്പിക്കണം.മേഖല ഓഫീസുകളുടെ മേൽവിലാസം: തിരുവനന്തപുരം - കെസിപി ബിൽഡിംഗ്, ആര്യശാല പി.ഒ, ഫോൺ: 0471 - 2460667, എറണാകുളം - ലക്കിസ്റ്റാർ ബിൽഡിംഗ്, മാർക്കറ്റ് റോഡ്, ഫോൺ: 0484 - 2368531, കോഴിക്കോട് - ചിറക്കൽ ബിൽഡിംഗ്, ഈസ്റ്റ് നടക്കാവ്, ഫോൺ: 0495 - 2768094.


ഗദ്ദിക: കലാമേളയിൽ പങ്കെടുക്കാൻ അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:കിർടാഡ്സിന്റെയും പട്ടികജാതി പട്ടികവർഗ വികസന വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ 2019-20 സാമ്പത്തികവർഷത്തിൽ ആലപ്പുഴ മാവേലിക്കരയിലും കണ്ണൂരും സംഘടിപ്പിക്കുന്ന ഗദ്ദിക പ്രദർശന വിപണനമേളയോട് അനുബന്ധിച്ച് നടത്തുന്ന നാടൻ കലാമേളയിൽ പങ്കെടുക്കുന്നതിന് പട്ടികജാതി പട്ടികവർഗ കലാകാരൻമാരിൽ നിന്നും കലാസമിതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകന്റെ പേര്, സമുദായം, പൂർണമായ മേൽവിലാസം, ഫോൺനമ്പർ, ഇ-മെയിൽ, അവതരിപ്പിക്കുന്ന കലാരൂപത്തിന്റെ പേര്, വിവരണം, സാക്ഷ്യപ്പെടുത്തിയ സമുദായസർട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ ഉൾപ്പെടുത്തിക്കൊുള്ള അപേക്ഷകൾ നവംബർ 18നുള്ളിൽ ലഭിക്കത്തക്കരീതിയിൽ ഡയറക്ടർ, കിർടാഡ്സ് വകുപ്പ്, ചേവായൂർ പി.ഒ, കോഴിക്കോട് - 693017 എന്ന മേൽവിലാസത്തിൽ അയക്കണമെന്ന് ഡയറക്ടർ അറിയിച്ചു.