തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ്, റോഡ് ഫണ്ട് ബോർഡ്, നഗരസഭ എന്നിവയുടെ അധീനതയിലുള്ള തകർന്നടിഞ്ഞ നഗരത്തിലെ മുഴുവൻ റോഡുകളും അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു.
നഗരത്തിലെ പ്രധാന പൊതുമരാമത്ത് റോഡുകൾ മുഴുവൻ തകർന്നിരിക്കുകയാണ്. അഗാധ ഗർത്തങ്ങളാണ് റോഡുകളിൽ രൂപപ്പെട്ടിരിക്കുന്നത്. ശംഖുംമുഖം റോഡ് തകർന്നിട്ട് ഒന്നരവർഷം പിന്നിട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. അട്ടക്കുളങ്ങര-കൊത്തളം-ഈഞ്ചയ്ക്കൽ റോഡ്, വലിയതുറ - ബീമാപള്ളി റോഡ്, വലിയതുറ - ബി.എസ്.എഫ് റോഡ്, വലിയതുറ - മാർക്കറ്റ് റോഡ് തുടങ്ങിയവയുടെ സ്ഥിതി അതീവ ദയനീയമാണ്. വെട്ടുകാട് കൊടിയേറ്റം ആസന്നമായിരിക്കെ ശംഖുംമുഖം - വേളി റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണം. വെള്ളയമ്പലം - തൈക്കാട് റോഡിന്റെ അവസാനഭാഗം വീതികൂട്ടി നവീകരിക്കുന്നതിന് സ്ഥലമേറ്റെടുത്ത് കൈമാറിയിട്ട് മൂന്നുവർഷം പിന്നിട്ടു. യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വഞ്ചിയൂർ മാതൃഭൂമി റോഡ്, സുഭാഷ് നഗർ റോഡ്, വെള്ളയമ്പലം ആൽത്തറ റോഡ്, മേട്ടുക്കട - വലിയശാല റോഡ് തുടങ്ങിയ നഗരസഭയുടെ അധീനതയിലുള്ള മുഴുവൻ റോഡുകളും യാത്ര ചെയ്യാനാവാത്ത വിധം ദുരിതത്തിലാണ്. മനുഷ്യജീവന് ഭീഷണിയുയർത്തുന്ന റോഡിലെ അപകടകരമായ കുഴികൾ അടയ്ക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണം. ഇക്കാര്യം നിയമസഭയിൽ ഉന്നയിക്കും. റോഡുകൾ നവീകരിക്കുന്നതിനുള്ള നടപടി ആരംഭിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ശിവകുമാർ അറിയിച്ചു.