ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരൻ വെല്ലൂർ സെൻട്രൽ ജയിലിൽ നിരാഹാരസമരത്തിൽ. ഒരുമാസത്തെ പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നളിനിയുടെ നിരാഹാരസമരം. പരോൾ ലഭിക്കുന്നതിന് വെള്ളിയാഴ്ച രാത്രി മുതൽ നിരാഹാരമിരിക്കുമെന്ന് നളിനി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ നളിനി പ്രഭാതഭക്ഷണം കഴിച്ചിരുന്നില്ല. ഭർത്താവ് മുരുഗൻ (വി ശ്രീഹരൻ) ന്റെ അച്ഛൻ ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയിട്ടുണ്ട്. അവരെ കാണുന്നതിനും പരിചരിക്കുന്നതിനുമായി ഒരുമാസത്തെ പരോൾ അനുവദിക്കണമെന്നാണ് നളിനിയുടെ ആവശ്യം.
കഴിഞ്ഞ ജൂലായ് 25ന് മകളുടെ വിവാഹത്തിന് പങ്കെടുക്കുന്നതിനായി നളിനിക്ക് പരോൾ അനുവദിച്ചിരുന്നു. ഒരുമാസത്തേക്ക് നൽകിയ പരോൾ പിന്നീട് മദ്രാസ് ഹൈക്കോടതി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു. 51 ദിവസത്തെ പരോൾ കാലാവധി അവസാനിപ്പിച്ച് സെപ്തംബർ 16നാണ് നളിനി വെല്ലൂർ ജയിയിലേക്ക് തിരിച്ച് പ്രവേശിച്ചത്.
അതേസമയം, 28 വർഷമായി ജയിലിൽ കഴിയുന്ന തന്നെയും ഭർത്താവ് മുരുകനെയും മോചിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിൽ നളിനി ആവശ്യപ്പെട്ടിട്ടുണ്ട്.