തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളി നാടുകാട്ട്പെട്ടിയിൽ വെള്ളിയാഴ്ച രാത്രി കുഴൽക്കിണറിൽ വീണ് രണ്ടുവയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കുഴൽക്കിണറിനു സമാന്തരമായി മറ്റൊരു കിണർ കുഴിക്കുന്നതിനിടെ കുട്ടി കൂടുതൽ ആഴത്തിലേക്കു വീണതായാണ് റിപ്പോർട്ട്. നേരത്തെ 26 അടി താഴ്ചയിൽ തങ്ങിനിന്നിരുന്ന കുട്ടി ഇപ്പോൾ 60 അടി താഴ്ചയിൽ എത്തിയെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജില്ലാ ഭരണകൂടം പറയുന്നത്.
ചെന്നൈ ആർക്കോണത്തു നിന്നുള്ള ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായതോടെ
സംസ്ഥാന സർക്കാർ കേന്ദ്ര ദുരന്തനിവാരണ സേനയുടെ സഹായം തേടുകയായിരുന്നു.
വീടിനോടു ചേർന്നുള്ള സ്ഥലത്ത് കളിക്കുന്നതിനിടെയണ് സുജിത് വിൽസൺ എന്ന രണ്ടു വയസുകാരൻ അബദ്ധത്തിൽ കിണറ്റിൽ അകപ്പെട്ടത്. 26 അടി താഴ്ചയിലായിരിക്കെ, മുകളിൽനിന്ന് പൈപ്പ് വഴി ഇട്ടുകൊടുത്ത കയർ ഉപയോഗിച്ച് കുട്ടിയുടെ കൈകളിൽ കുരുക്കിട്ട് രക്ഷപ്പെടുത്താനായിരുന്നു ശ്രമം. എന്നാൽ, അവസാനനിമിഷം കുട്ടി 60 അടി താഴ്ചയിലേക്ക് വഴുതിവീഴുകയായിരുന്നു.
അതേസമയം, കുഴൽക്കിണറിന്റെ ആഴം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. 600 അടിയാണെന്നും 1000 അടിയാണെന്നുമാണ് പലരും സൂചിപ്പിക്കുന്നത്. തമിഴ്നാട് ആരോഗ്യമന്ത്രി സി. വിജയ്‌ശങ്കർ, വിനോദസഞ്ചാര വകുപ്പ് മന്ത്രി വെള്ളമാണ്ടി എൻ. നടരാജൻ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.