കായികാദ്ധ്യാപക സംഘടനാനേതാവിനോട്
പകപോക്കലുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം:ചട്ടപ്പടി സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ കായികാദ്ധ്യാപക സംഘടനാനേതാവിന്റെ സസ്പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തെങ്കിലും പ്രതികാര നടപടികളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ. സ്റ്റേ ഒാർഡർ ലഭിച്ചതിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ ജോലി നോക്കിയിരുന്ന സ്കൂളിൽ മറ്റൊരാളെ നിയമിച്ചാണ് അധികൃതർ പകതീർത്തത്.
ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കായികാദ്ധ്യാപകനും ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ എം.സുനിൽ കുമാറിനെയാണ് ഒരാഴ്ച മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ സസ്പെൻഡ് ചെയ്തത്. ഉപജില്ലാ കായിക മേളകൾ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് ഉപജില്ലാ സെക്രട്ടറിമാരെ നിയമിച്ച് ഉത്തരവിറക്കിയതിനെതിരെ സുനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പകവീട്ടലായാണ് ഡി.പി.ഐ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തത്. മേലധികാരിയുടെ അനുമതിയില്ലാതെ ഡി.പി.ഐക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു എന്നതായിരുന്നു കണ്ടെത്തിയ കുറ്റം.എന്നാൽ സസ്പെൻഷൻ സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മൂന്നുദിവസത്തിനകം സർവീസിൽ തിരിച്ചെടുക്കാനും ഉത്തരവിട്ടു.
ഇടക്കാല ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് സുനിൽ കുമാർ ജോലി നോക്കിയിരുന്ന തസ്തികയിലേക്ക് മറ്റൊരാളെ സ്ഥലം മാറ്റി പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്. ആഗസ്റ്റിൽ മറ്റൊരു സ്കൂളിൽ പോസ്റ്റ് നഷ്ടമായതിന്റെ പേരിൽ സ്ഥലം മാറ്റിയിരുന്നയാൾക്കാണ് പൊടുന്നനെ ആറ്റിങ്ങലിലേക്ക് സ്ഥലംമാറ്റം നൽകിയത്.
കായികാദ്ധ്യാപകരുടെ ചട്ടപ്പടി സമരം പൊളിക്കാൻ മറ്റ് അധ്യാപക സംഘടനകൾ നടത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് താൻ ജോലിനോക്കിയിരുന്ന തസ്തികയിൽ മറ്റൊരാളെ നിയമിച്ചതെന്ന് സുനിൽകുമാർ ആരോപിച്ചു. മറ്റ് അദ്ധ്യാപക സംഘടനാ നേതാക്കൾ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കെതിരെ ഖാദർ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പടെ വിവിധ വിഷയങ്ങളിൽ കോടതികളെ സമീപിച്ചപ്പോഴൊന്നുമുണ്ടാകാത്ത സസ്പെൻഷൻ തന്റെ കാര്യത്തിലുണ്ടായത് കായികാദ്ധ്യാപക സമരത്തെ തകർക്കാനാണെന്നും സുനിൽ കുമാർ ആരോപിച്ചു.