തിരുവനന്തപുരം : കരമനയിലെ കൂടത്തിൽ കുടുംബത്തിലെ കോടികളുടെ സ്വത്ത് തട്ടിപ്പിന്റെ വിവരങ്ങളാണ് ആദ്യം പുറത്തുവന്നതെങ്കിലും ഇപ്പോൾ അവിടെ നടന്ന 7 മരണങ്ങൾ ദുരൂഹതയേറ്റുന്നു. 200 കോടിയിലേറെ രൂപയുടെ സ്വത്ത് ഈകുടുംബത്തിനുണ്ടെന്ന് നാട്ടുകാർ പറയുന്നു. വിൽപത്രം തയ്യാറാക്കിയത് മാനസികാസ്വാസ്ഥ്യമുള്ള ജയമാധവൻ നായരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഒപ്പിട്ട സാക്ഷികൾ വ്യാജമാണ്. 30 കോടി രൂപയുടെ സ്വത്താണ് തട്ടിയെടുത്തതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
ഇതിന് പിന്നാലെയാണ് ഇവിടെ നടന്ന മരണങ്ങൾക്ക് പിന്നിലെ ദുരൂഹതകൾ നാട്ടുകാർ ഉന്നയിക്കുന്നത്. മരിച്ചവരിൽ ഒരാൾ കട്ടിലിൽ നിന്നു വീണ് മരിച്ചെന്നും ഒരാൾ വാതിലിന്റെ കട്ടളപ്പടിയിൽ ഇടിച്ചുവീണ് മരിച്ചെന്നുമാണ് നാട്ടുകാർക്ക് അറിയാവുന്നത്. രവീന്ദ്രൻ എന്ന വ്യക്തിയാണ് ഈ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കിയിരുന്നത്. ഇയാൾക്ക് ഇവരുമായി രക്തബന്ധമൊന്നുമില്ല. ഭക്ഷണം വാങ്ങികൊടുക്കുന്നത് ഇയാളായിരുന്നു. പലപ്പോഴായി നടന്ന മരണങ്ങൾക്ക് ശേഷം കോടികളുടെ സ്വത്ത് ഇപ്പോൾ രവീന്ദ്രന്റെ പേരിലായി.
ജയമാധവൻ നായരുടെ മരണം സംബന്ധിച്ചും ദുരൂഹതയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. വീട്ടിൽ വച്ച് മരിച്ചിട്ടും അയൽക്കാരെ അറിയിച്ചില്ല. ഓട്ടോയിൽ കയറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.
കുളത്തറ കൂടത്തിൽ കുടുംബാംഗങ്ങളായ ഏഴുപേരാണ് രണ്ടായിരത്തിനും 2017നും ഇടയില്‍ മരിച്ചത്. ഗോപിനാഥ പിള്ള, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണൻ, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. ഇവരുടെ മരണശേഷം സ്വത്തുക്കൾ രക്തബന്ധമില്ലാത്ത രണ്ടുപേരുടെ പേരുകളിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണ് ആദ്യ പരാതി.