കൊല്ലം: കൊല്ലം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ചടയമംഗലത്തെ ജഡായുപ്പാറ. നിരവധി വിനോദ സഞ്ചാരികളാണ് ദിനംതോറും അവിയെത്തുന്നത്. ജടായുവിന്റെ രൂപത്തിൽ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപ്പം കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനുമാണ് കൂടുതൽ ആളുകളും ഇവിടെയെത്തുന്നത്. മലയാളത്തിന്റെ പ്രിയ ഗായിക മഞ്ജരിയുടെ പങ്കുവച്ച ജഡായുപ്പാറയിലെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ മികച്ച അനുഭവങ്ങളിൽ ഒന്ന് എന്ന് കുറിച്ചാണ് മഞ്ജരി ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. എല്ലാവരും ഇവിടെ വരാൻ ശ്രമിക്കണമെന്നും ഈ പ്രദേശത്തിന്റെ സൗന്ദര്യം ആരെയും ആകർഷിക്കുന്നതാണെന്നും മഞ്ജരി കുറിച്ചിട്ടുണ്ട്. ഒരു പിടി നല്ല നിമിഷങ്ങൾ ആസ്വദിച്ചതിന്റെ സന്തോഷത്തിൽഇവിടെനിന്ന് മടങ്ങാം എന്നും മഞ്ജരി കുറിക്കുന്നു. ആയിരം അടി ഉയരമുള്ള പാറയുടെ മുകളിലാണ് ജടായുവിന്റെ ശിൽപ്പം കൊത്തിവച്ചിരിക്കുന്നത്.