അടൂർ: മദ്യ ലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ചിരുന്ന സ്വകാര്യ ബസിനടിയിൽപ്പെട്ട് വഴിയാത്രക്കാരായ യുവദമ്പതികൾ തത്ക്ഷണം മരിച്ചു. നൂറനാട് പാറയിൽ ശ്യാംനിവാസിൽ ഗോപാലകൃഷ്ണന്റെയും ശോഭനയുടെയും മകൻ ശ്യാംകൃഷ്ണ (30), ഏഴംകുളം നെടുമൺ കല്ലേത്ത് കുളത്തുവേലിൽ പുത്തൻപീടികയിൽ സത്യന്റെയും ഗിരിജയുടെയും മകൾ ശില്പ സത്യൻ (26) എന്നിവരാണ് മരിച്ചത്. ബസ് ഡ്രൈവർ കല്ലുംകടവ് കൃഷ്ണസദനത്തിൽ ഉല്ലാസിനെ അടൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു.
15 മിനിറ്റ് കഴിഞ്ഞ് ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് ബസ് മറിച്ചിട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ഇന്നലെ വൈകിട്ട് 3.30 ന് അടൂർ ശ്രീമൂലം മാർക്കറ്റ് കവാടത്തിന് സമീപമായിരുന്നു അപകടം. മാവേലിക്കര - അടൂർ - മങ്ങടി റൂട്ടിലോടുന്ന 'മോണിംഗ് സ്റ്റാർ" ബസാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ബസ് റോഡരികിലൂടെ നടന്നു വന്ന ദമ്പതികളുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
വിവാഹം രണ്ട് വർഷം മുമ്പ്
സൗദിയിൽ ജോലിചെയ്യുന്ന ശ്യാംകൃഷ്ണ രണ്ടുവർഷം മുമ്പാണ് ശില്പയെ വിവാഹം കഴിച്ചത്. കഴിഞ്ഞ 13നാണ് ഇയാൾ അവധിക്കെത്തിയത്. ഭർത്താവ് എത്തുന്നതറിഞ്ഞ് എറണാകുളത്തെ സ്വകാര്യ ബാങ്കിലെ ജോലി ശില്പ ഉപേക്ഷിച്ചിരുന്നു. കുട്ടികളില്ലാത്ത ഇവർ ഇതിനുള്ള ചികിത്സയിലായിരുന്നു.
ഇരുവരും ഇന്നലെ ശില്പയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടെ അടൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങിയ ശേഷം റോഡരികിൽ വച്ചിരുന്ന സ്കൂട്ടറെടുക്കാൻ വരുമ്പോഴാണ് അപകടമുണ്ടായത്. സമീപത്തെ പെട്ടിക്കടയും മരവും തകർത്ത് മുന്നോട്ടുപോയ ബസ് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങി.
ലക്കുകെട്ട് ഡ്രൈവർ
മദ്യപിച്ച് നിവർന്നുനിൽക്കാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു ഡ്രൈവർ ഉല്ലാസ്. അപകട ശേഷം ബസിൽ നിന്നിറങ്ങിയ ഇയാൾ സമീപത്തെ കടത്തിണ്ണയിൽ കിടന്നു. ശാരീരിക അസ്വസ്ഥതയുണ്ടെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. എന്നാൽ അടുത്തെത്തിയപ്പോൾ മദ്യത്തിന്റെ രൂക്ഷ ഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നാട്ടുകാർ കൈകാര്യം ചെയ്യാൻ തുടങ്ങിയപ്പോഴേക്കും പൊലീസെത്തി സ്റ്റേഷനിലേക്ക് മാറ്റി. ജീപ്പിൽ കയറാൻ പോലും കഴിയാത്ത സ്ഥിതിയിലായിരുന്നു ഇയാൾ. ഡ്രൈവറുടെ ലൈസൻസും ബസിന്റെ പെർമിറ്റും റദ്ദാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.