9-0ത്തിന് സൗത്താംപട്ണെ വീഴത്തി ലെസ്റ്റർ സിറ്റിക്ക് പ്രിമിയർ ലീഗിൽ റെക്കാഡ് വിജയം
സൗത്താംപ്ടൺ: ഇംഗ്ലീഷ് പ്രിമിയലർ ലീഗിൽ സൗത്താംപ്ടണെ ഗോൾ മഴയിൽ മുക്കി മുൻ ചാമ്പ്യൻമാരായ ലെസ്റ്രർ സിറ്രിക്ക് റെക്കാഡ് ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത 9 ഗോളുകൾക്കാണ് ലെസ്റ്രർ സൗത്താംപ്ടണെ അവരുടെ തട്ടകത്തിൽ തകർത്ത് തരിപ്പണമാക്കിയത്. പ്രിമിയർ ലീഗിലെ ഏറ്രവും വലിയ മാർജിനിലുള്ള വിജയമെന്ന റെക്കാഡിനൊപ്പമെത്താനും ലെസ്റ്ററിനായി. പ്രിമിയർ ലീഗിൽ എവേ മത്സരത്തിലെ ഏറ്രവും വലിയ ജയമാണിത്.
ജാമി വാർഡിയും അയോസെ പെരസും ഹാട്രിക്കുമായി ലെസ്റ്രർ നിരയിൽ തിളങ്ങി. ചിൽവെല്ലും ടിയൽമൻസും മാഡിസണും ലെസ്റ്ററിനായി ഓരോ ഗോൾ വീതം നേടി. 12-ാം മിനിട്ടിൽ റയാൻ ബെർട്രാൻഡ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പിന്നീടുള്ള സമയം പത്തുപേരുമായി കളിക്കേണ്ടി വന്നത് സൗത്താംപ്ടണ് വലിയ തിരിച്ചടിയാവുകയായിരുന്നു.
പെരസിനെ അപകടകരമാം വിധം ഫൗൾചെയ്തതിനാണ് ബെർട്രാൻഡിന് റഫറി വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വാർ) സഹായത്തോടെ ചുവപ്പ് കാർഡ് കാട്ടിയത്. വാറിന്റെ സഹായത്തോടെ പ്രിമിയർ ലീഗിൽ വിധിക്കുന്ന ആദ്യ ചുവപ്പ് കാർഡാണിത്. പത്താം മിനിട്ടിൽ തന്നെ പ്രതിരോധ താരം ബെൻ ചിൽവെല്ലിന്റെ ഗോളിന്റെ ലെസ്റ്രർ ലീഡെടുത്തു. 17 മിനിട്ടിൽ ടിയൽമൻസ് ലീഡ് രണ്ടായി ഉയർത്തി.19, 39, 57 മിനിട്ടുകളിലായിരുന്നു പെരസിന്റെ ഗോളുകൾ പിറന്നത്. 45, 58, 94 മിനിട്ടുകളിലായിരുന്നു വാർഡി സൗത്താംപ്ടണിന്റെ വലകുലുക്കിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാൽട്ടിയിൽ നിന്നാണ് വാർഡി ഹാട്രിക്ക് പൂർത്തിയാക്കിയത്. 85-ാം മിനിട്ടിൽ ലഭിച്ച ഫ്രീകിക്കി മനോഹരമായി വലയിൽ എത്തിച്ചാണ് റിച്ചാർഡ് മാഡിസൺ ഗോൾ നേടിയവരുടെ പട്ടികയിൽ ഇടം പിടിച്ചത്.
1995 മാർച്ചിൽ മാഞ്ചസ്റ്റർ യുണൈറ്രഡ് അവരുടെ തട്ടകത്തിൽ ഇപ്സ്വിച്ചിനെ 9-0ത്തിന് കീഴടക്കിയിട്ടുണ്ട്.
പ്രിമിയർ ലീഗിൽ എവേ മത്സരത്തിലെ ഏറ്രവും വലിയ വിജയമാണിത്
സൗത്താംപ്ടണിന്റെ ചരിത്രത്തിലെ ഏറ്രവും വലിയ തോൽവി
സൗത്താംപ്ടണെതിരെ അയോസെ പെരസിന്റെ രണ്ടാം ഹാട്രിക്കാണിത്.
നേരത്തേ ന്യൂകാസിലിൽ ആയിരുന്നപ്പോവും പെരസ് സൗത്താംപ്ടണെതിരെ ഹാട്രിക്ക് നേടിയിരുന്നു. 2019 ഏപ്രിൽ 20നായിരുന്നു ആ ഹാട്രിക്ക് നേട്ടം.