accident-

അടൂർ: മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരായ യുവദമ്പതികൾ മരിച്ചു.. നൂറനാട് ശാന്തിഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്യാംകുമാറും(30), ഭാര്യ അടൂർ നെടുമൺ പുത്തൻപീടികയിൽ സത്യന്റെ മകൾ ശിൽപ്പയുമാണ്(26) ‌മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പത്തനംതിട്ടയിലെ അടൂരിലാണ് സംഭവം. പഴകുളം വഴി അടൂരിലേക്ക് വന്ന സ്വകാര്യബസാണ് അപകടത്തിൽപെട്ടത്.

അപകടം നടന്നതിന് അടുത്തുള്ള ആശ്വാസ് മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുവാങ്ങിവരുന്നതിനിടെയാണ് അപകടം. വൺവേ റോഡിലൂടെ വരികയായിരുന്ന സ്വകാര്യ ബസ് റോഡിന്റെ വലതു ഭാഗത്തു കൂടി പോവുകയായിരുന്ന ദമ്പതികളെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയിൽ കുടുങ്ങിയ ദമ്പതികളെ പുറത്തെടുക്കാൻ പറ്റാത്തതിനാൽ ഓടിക്കൂടിയ നാട്ടുകാരും അഗ്നിശമന സേനയും പൊലീസും ചേർന്ന് ബസ് കയറുപയോഗിച്ച് മറിച്ചിട്ട ശേഷമാണ് പുറത്തെടുത്തത്.

ഡ്രൈവർ മദ്യ ലഹരിയിലായിരുന്നതിനാൽ ഓടാൻ കഴിയാതെ സംഭവ സ്ഥലത്തു തന്നെയുണ്ടായിരുന്നതിനാൽ അപ്പോൾ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു