ശ്രീനഗർ: ജമ്മു കശ്മീർ ശ്രീനഗറിലെ കരൺനഗറിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ആറ് സി.ആർ.പി.എഫ്. ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരൺനഗറിൽ ശനിയാഴ്ച വൈകീട്ട് 6.50ഓടെയാണ് ആക്രമണമുണ്ടായത്. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ ചെക്ക്‌പോയിന്റിൽ വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ജമ്മു കശ്മീരിൽ അടുത്തിടെ ഇതരസംസ്ഥാനക്കാർക്ക് നേരേ ഭീകരാക്രമണങ്ങളുണ്ടായിരുന്നു. ഇതരസംസ്ഥാനക്കാരായ വ്യാപാരികളെയും ട്രക്ക് ഡ്രൈവർമാരെയുമായിരുന്നു ഭീകരർ ലക്ഷ്യമിട്ടിരുന്നത്. ഒക്ടോബർ 20ന് ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് തിരിച്ചടിയായി പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർക്കുകയും പത്തിലേറെ ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.