തിരുവനന്തപുരം: 'രാഷ്ട്രീയം ഏതായാലും നാല് വർഷം ഞങ്ങളോടൊപ്പം ജോലി ചെയ്തത് ഒരിക്കലും മറക്കാൻ പറ്റില്ല. പത്താം ക്ലാസിൽ ഓട്ടോഗ്രാഫിൽ എഴുതുന്നത് പോലെ പഠിച്ച് പഠിച്ച് നിങ്ങൾ ഡോക്ടറായാൽ രോഗവുമായി ഞങ്ങൾ വന്നാൽ മറക്കരുത്. ഇതേപോലെ നിങ്ങൾ മുഖ്യമന്ത്രിയായാൽ ഈ പാവം കൗൺസിലറെ മറക്കരുത്'. നിയുക്ത എം. എൽ.എ മേയർ വി. കെ പ്രശാന്തിന് നഗരസഭയിൽ നൽകിയ യാത്രയയപ്പിൽ ബി.ജെ.പി കൗൺസിലർ എം. ലക്ഷ്മി പറഞ്ഞ വാക്കുകളാണിത്.
വൈകാരികമായ യാത്രയയപ്പാണ് വി.കെ പ്രശാന്ത്രിന് നഗരസഭയിലെ ജീവനക്കാർ നൽകിയത്. പിരിഞ്ഞുപോകുകയാണെങ്കിലും സന്തോഷത്തോടെയാണ് പോകുന്നത്. താഴ്ചയിലൂടെയല്ല ഉയർച്ചയിലൂടെയാണ് മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ ഞങ്ങൾ എല്ലാ കൗൺസിലർമാർക്കും സന്തോഷമുണ്ടെന്നും ലക്ഷ്മി തമിഴും മലയാളവും ഇടകലർത്തി പ്രശാന്തിനോട് പറഞ്ഞു.