kochi-mayor-

കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിനിനെ മാറ്റണമെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ. നഗരസഭയിലെ നിലവിലെ സാഹചരൃം ചർച്ച ചെയ്യാൻ ജില്ലയിലെ മുതിർന്ന നേതാക്കൾ കൊച്ചിയിൽ പ്രത്യേക യോഗം ചേർന്നു. വി.ഡി. സതീശൻ,​ കെ.വി തോമസ്, കെ. ബാബു, ഡൊമിനിക് പ്രസന്റേഷൻ, ടി.ജെ. വിനോദ്, പി.ടി. തോമസ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

കൊച്ചി കോർപറേഷൻ ഭരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകുമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം യോഗത്തിന് ശേഷം വ്യക്തമാക്കി. ജില്ലാ നേതൃത്വത്തിന്റെ വികാരം കെ.പി.സി.സി പ്രസിഡന്റിനെ ധരിപ്പിക്കും. കോർപറേഷനിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തും.

ഉപതുരഞ്ഞെടുപ്പ് ദിവസത്തെ വെള്ളക്കെട്ടും തിരഞ്ഞെടുപ്പിൽഎറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതിന്റെയും പേരിൽ മേയർ രാജി വയ്ക്കണമെന്നും ആവശ്യമുയർന്നു. എന്നാൽ എറണാകുളത്തെ നിറം മങ്ങിയ പ്രകടനത്തിൽ കൊച്ചി മേയറെ മാറ്റില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാടെടുത്തു.

മേയറെ മാത്രമായി ബലിമൃഗമാക്കാനില്ലെന്നും വിജയമായാലും പരാജയമായാലും ഉത്തരവാദിത്തം കൂട്ടുത്തരവാദിത്തമാണെന്നും വ്യക്തമാക്കി മുല്ലപ്പള്ളി രംഗത്തെത്തി. എന്നാൽ മേയറെ മാറ്റണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഇന്ന് നടന്ന മുതിർന്ന നേതാക്കളുടെ യോഗം നല്‍കുന്ന സൂചനയെന്ന് വ്യക്തമാണ്.