ആർട്ടിസ്റ്റ് ആന്റ് റൈറ്റേഴ്സ് കൾച്ചറൽ ഫൗണ്ടേഷന്റെ മികച്ച കഥാകൃത്തിനുള്ള മുട്ടത്തുവർക്കി സ്റ്റേറ്റ് ഫെലോഷിപ്പ് അവാർഡ് ലഭിച്ച ഡോ. എം.എസ്. ഷബീർ രചിച്ച നോവൽ 'താന്തമാണെങ്കിലും"
വ്യത്യസ്തമായ വായനാനുഭവം നൽകുന്നു. മ്യൂസിക് തെറാപ്പി ചികിത്സയുടെ അനന്ത സാദ്ധ്യതകൾ പ്രതിപാദിക്കുന്ന നോവലാണിത്. അശാന്തമായ മനസിന് സാന്ത്വനലേപനമാണ് സംഗീതമെന്നും മേഘമൽഹാർ പാടി മഴ പെയ്യിക്കുന്നതുപോലെ രാഗാർദ്രമായ ഗാനങ്ങൾ രോഗം ശമിപ്പിക്കുന്നതായും ഈ നോവൽ പറയുന്നു. രണ്ടു പതിറ്റാണ്ടിലേറെക്കാലമായി ആതുരസേവനരംഗത്തുള്ള ഡോ. ഷബീർ രോഗശാന്തിക്ക് സംഗീതത്തിനുള്ള പ്രാധാന്യവും പ്രസക്തിയും ഈ നോവലിലൂടെ വിവരിക്കുന്നു. ഹൃദ്യമായ ജീവിതാനുഭവങ്ങളിലൂടെയാണ് താൻ സാക്ഷ്യം വഹിച്ച കാഴ്ചകളുമുൾപ്പെടുത്തി ഡോക്ടർ ഈ നോവൽ രചിച്ചിരിക്കുന്നത്.
ആതുരചികിത്സയും സംഗീതവും തമ്മിലുള്ള പാരസ്പര്യമാണ് ഈ നോവലിൽ പ്രതിപാദിച്ചിട്ടുള്ളത്. നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ ചലനശേഷി നഷ്ടമായ കിരൺ എന്ന യുവാവിന്റെ സംഭവബഹുലമായ ആശുപത്രി ജീവിതത്തിന്റെ നേർകാഴ്ചയാണ് ഈ നോവൽ. എല്ലുരോഗവിദഗ്ദ്ധനായ ഡോ. ഷബീർ പ്രതിഭാധനനായ ഒരു സംഗീതജ്ഞന്റെ അവഗാഹത്തോടെയാണ് ഈ നോവൽ രചിച്ചിരിക്കുന്നത്. ആരോഗ്യമേഖലയിൽ നിലനിൽക്കുന്ന മിക്ക പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും കഥാരൂപത്തിൽ രചിച്ച 'ഡോക്ടർ അകത്തുണ്ട്" ആണ് ആദ്യ നോവൽ. തൃശൂർ ജൂ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില ₹ 80
(ഡോ. എം.എസ്. ഷബീറിന്റെ ഫോൺ നമ്പർ: 9895205264)