വയലാർ സൃഷ്ടിച്ച ചലച്ചിത്ര ഗാനങ്ങളുടെ പുത്തൻ പൂക്കാലത്തിലൂടെയാണ് എന്റെ യൗവനം കടന്നുവന്നത്. വയലാർ എന്ന പേരുപോലും ആവേശമുണർത്തിയിരുന്നു. ഒന്നു നേരിൽ കാണണമെന്ന മോഹം കലശലായിരിക്കുമ്പോഴാണ് ആലപ്പുഴ പ്രസ് ക്ലബ്ബിൽ അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടെന്ന് സുഹൃത്ത് എം.എം. വർഗീസ് പറഞ്ഞത്. വയലാറിന്റെ പ്രസംഗം കേൾക്കാൻ ആളുകൾ തിക്കിത്തിരക്കി വന്നുകൊണ്ടിരുന്നു. ഞാൻ വളരെ നേരത്തേ എത്തി മുൻനിരയിൽ സ്ഥാനമുറപ്പിച്ചു. പ്രസംഗം ആരംഭിച്ചു. നമ്മുടെ ഇതിഹാസങ്ങളും പുരാണങ്ങളും സംസ്കാരവും ഹിമവാന്റെ ഗാംഭീര്യവും സാനുപ്രദേശങ്ങളുടെ സൗന്ദര്യവും എല്ലാം ചേർന്ന് വാക്കുകളുടെ അനർഗള പ്രവാഹം. പ്രസംഗത്തിന്റെ മാസ്മരികതയിൽ മതിമറന്നു സമയം പോയതറിഞ്ഞില്ല. ഒന്നര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. പ്രസംഗം അവസാനിച്ചിട്ടും ആരും ചലിക്കുന്നില്ല. കേൾവിക്കാരെല്ലാം ആരാധകരായി. എല്ലാവരും അദ്ദേഹത്തെ അഭിനന്ദിച്ചു. ഒടുവിൽ എന്റെ ഊഴമെത്തി. ആ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് ഞാൻ നെഞ്ചോടു ചേർത്തുപറഞ്ഞു 'പ്രസംഗം അപാരം. വാക്കുകൾക്ക് അഗ്നിയുടെ ശക്തിയുണ്ട് ". അദ്ദേഹം എന്നെ ചേർത്തുപിടിച്ചുകൊണ്ട് സ്റ്റെപ്പുകളിറങ്ങി താഴെയെത്തി. എം.എം. വർഗീസാണ് പ്രസ് ക്ലബ് പ്രസിഡന്റ്. അദ്ദേഹം വയലാറിനെ കാറിൽ കയറ്റിയിട്ട് എന്നോടു പറഞ്ഞു 'ബാലചന്ദ്രൻ കൂടി കയറൂ". അന്നു തുടങ്ങിയ സൗഹൃദം ജീവിതാന്ത്യം വരെ നിലനിന്നു.
ചലച്ചിത്ര ഗാനരംഗത്ത് വയലാർ എത്തിപ്പെട്ടതിനെക്കുറിച്ച് ചില രസകരമായ അനുഭവങ്ങൾ പങ്കുവച്ചിരുന്നു. വയലാർ അന്നൊരു കൊച്ചു പയ്യനാണ്. ചെറിയ ചെറിയ ഗാനങ്ങൾ എഴുതിത്തുടങ്ങിയിട്ടേയുള്ളു. സിനിമയിൽ പാട്ടെഴുതണം എന്ന മോഹമുദിച്ചു. അത് കലശലായപ്പോൾ കൂട്ടുകാരൻ ഗോപാലകൃഷ്ണനേയും കൂട്ടി ഉദയാ സ്റ്റുഡിയോയിലേക്ക് തിരിച്ചു. എട്ടും പൊട്ടും തിരിയാത്ത പ്രായം. ചേർത്തലയിലെ പ്രധാന ജന്മിയും പ്രമാണിയുമായ അന്ത്രപ്പേർ ഔസേപ്പിന്റെ കത്തും കൊണ്ടാണ് രാമവർമ്മ കുഞ്ചാക്കോയെ കാണാനെത്തിയത്. രണ്ടു പിള്ളേർ: കുഞ്ചാക്കോ അവരെ വിരട്ടി. 'പാൽമണം മാറാത്ത നീയാണോ പാട്ടെഴുതാൻ വന്നത്. പറങ്കി മാവിൻചോട്ടിൽ പോയി അണ്ടി പെറുക്കി കഴിയെടാ". ഇതുകേട്ട് രണ്ടുപേരും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോന്നു. അതിനുശേഷം പൊൻകുന്നം വർക്കിയുടെ 'വിശറിക്കു കാറ്റു വേണ്ട"എന്ന നാടകത്തിന് 'ശർക്കരപ്പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ"എന്ന ഗാനമെഴുതി. എൽ.പി.ആർ. വർമ്മയാണ് സംഗീതം പകർന്നത്. ആ ഗാനം ഹിറ്റായി. ഇതറിഞ്ഞ കുഞ്ചാക്കോ 'പാലാട്ടു കോമന്" പാട്ടെഴുതാൻ രാമവർമ്മയെ വിളിപ്പിച്ചു. 'ചന്ദനപ്പല്ലക്കിൽ വീടു കാണാൻ വന്ന ഗന്ധർവ രാജകുമാരാ" എന്ന ഗാനം കുഞ്ചാക്കോയ്ക്ക് ഇഷ്ടപ്പെട്ടു. അതുമുതൽ മരിക്കും വരെ വയലാർ ഉദയായിലെ സ്ഥിരം പാട്ടെഴുത്തുകാരനായി. കൊടുങ്ങല്ലൂർ ഭരണി നാളിലാണ് രാമവർമ്മയുടെ ജനനം. 1928 മാർച്ച് 24. അതിന്റെ പ്രതിഭയും ചൂരും ചൂടും ജന്മസിദ്ധമാണല്ലോ.
മുഖ്യധാരാ സാഹിത്യം അതിന്റെ നടപ്പുശീലങ്ങളിൽ നിന്ന് വഴിമാറി സഞ്ചരിക്കാൻ തുടങ്ങിയ കാലത്താണ് വയലാർ കാവ്യരംഗത്തേക്ക് കടന്നുവന്നത്. പാദമുദ്രകൾ മുതൽ സർഗ സംഗീതം വരെയുള്ള വയലാർ കവിതകളിൽ കവിയുടെ സർഗശക്തിയും പ്രതിഭാ വിലാസവും ഒളിമിന്നി നിൽക്കുന്നു. രണ്ട് പതിറ്റാണ്ടു കാലമാണ് വയലാർ സാഹിത്യത്തിൽ തിളങ്ങി നിന്നത്. ഗാനങ്ങളും കവിതകളും പരസ്പരം കൈകോർത്തു നീങ്ങി.
ആഴമേറിയ ചിന്തയുടേയും പരന്ന വായനയുടേയും പ്രതിഫലനം അദ്ദേഹത്തിന്റെ രചനകളിൽ കാണാം. തുടക്കത്തിൽ ഗാന്ധിഭക്തിയും പിന്നീട് മാർക്സിസ്റ്റ് സ്വാധീനവും വയലാറിൽ മുന്നിട്ടു നിന്നു. മതത്തിന്റേയും ദൈവത്തിന്റേയും പേരിലുള്ള കള്ളനാണയങ്ങളെ കവി തിരിച്ചറിഞ്ഞു. സമൂഹത്തിൽ നടമാടുന്ന അനാചാരവും അന്ധവിശ്വാസവും കവിയെ അലട്ടിയ വിഷയങ്ങളാണ്. അതിനെതിരെ അദ്ദേഹം ശബ്ദിച്ചു.
ഒരുകാലത്ത് ഒ.എൻ.വിയും വയലാറും ദേവരാജനും നിറഞ്ഞാടിയ ഒരു രംഗം. ഇന്ന് അവരാരുമില്ല. എന്നാലും അവരുടെ സംഭാവനകൾ താഴികക്കുടങ്ങൾ കണക്കെ ഉയർന്നു നിൽക്കുന്നു. വയലാറിന് പുരാണങ്ങളോടും ഇതിഹാസങ്ങളോടും ഗ്രീക്ക് ട്രാജഡികളോടും പ്രത്യേക ആഭിമുഖ്യമുണ്ട്. അതിൽ മാനവികതയുടെ മുഖമുദ്ര ചാർത്തിയാണ് അദ്ദേഹം കാവ്യരചന നടത്തിയത്. മഞ്ഞുകണത്തിൽ പ്രപഞ്ചം പ്രതിഫലിക്കുന്നതുപോലെ പത്തു പതിനാറു വരികളുള്ള ഗാനങ്ങളിൽ ഒരു വലിയ ലോകത്തെ ഉള്ളടക്കം ചെയ്തു.
കാലപ്പഴക്കം കൊണ്ടു ക്ലാവു പിടിച്ച പഴയ പ്രതാപവുമായി നിൽക്കുന്ന വയലാർ രാഘവപ്പറമ്പ് കോവിലകത്തു ജനിച്ച രാമവർമ്മ തിരുമുൽപ്പാട് എന്ന യാഥാസ്ഥിതിക ബാലൻ പിൽക്കാലത്ത് ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രചാരകനായി മാറി. പിന്നീട് വയലാർ രാമവർമ്മയായപ്പോൾ ചൈനീസാക്രമണത്തെത്തുടർന്നുണ്ടായ വികാര വിക്ഷോഭത്തിൽ നടത്തിയ ഒരു പ്രസംഗം ചിലരെ ക്രൂദ്ധരാക്കി. അദ്ദേഹത്തെ പാർട്ടി പാർശ്വവൽക്കരിച്ചു. 1962 ഒക്ടോബർ 20ന് ചൈന ഇന്ത്യയെ ആക്രമിച്ചു. ഒരാഴ്ച കഴിഞ്ഞായിരുന്നു പതിനാറാമത് വയലാർ രക്തസാക്ഷി ദിനാചരണം. രാമവർമ്മയും ഒരു പ്രസംഗകനായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗം ഇങ്ങനെ: 'നമ്മളെല്ലാം പാടി നടന്ന മധുര മനോഹര മനോജ്ഞ ചൈനയെന്ന കവിതയില്ലേ, അതിലെ ചൈന നശിച്ചിരിക്കുന്നു. ആ കവിതയെ തിരുത്തണം 'ഹേ കുടില കുതന്ത്ര ഭയങ്കര ചൈനേ" എന്നാക്കണം. ഈ പ്രസംഗം ചൈനാപക്ഷക്കാരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ ചൊടിപ്പിച്ചു. പാർട്ടിയുടെ പിളർപ്പിനു ശേഷവും വയലാർ രാമവർമ്മയോടുള്ള ശത്രുത തുടർന്നു.
വയലാറിന്റെ ജീവിതം ഒരു കടങ്കഥ പോലെയാണ്. ആയിരക്കണക്കിനു ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ച, സ്വന്തം ഹൃദയരക്തം കൊടുത്തു കാവ്യസപര്യ നടത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ബാക്കിപത്രം നഷ്ടത്തിന്റേതു മാത്രമായിരുന്നു. വയലാർ പ്രവാചകനാണ്. ചിലപ്പോൾ വിപ്ലവകാരി. മറ്റു ചിലപ്പോൾ മണി വീണയിൽ തന്ത്രികൾ മീട്ടി ആനന്ദാനുഭൂതിയിൽ ലയിക്കുന്ന കവി. ഭാവ ഗായകനായ വയലാർ നാൽപ്പത്തിയേഴാം വയസിലേക്കു നടന്നടുക്കുന്നതിനിടയിലാണ് മൺമറഞ്ഞു പോയത്. അദ്ദേഹം ഗാനത്തിനു പിമ്പേ പോയിരുന്നില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും വലിയ മഹാകവിയാകുമായിരുന്നു. എട്ടു കവിതാ സമാഹാരങ്ങളും ആയിരക്കണക്കിനു ഗാനങ്ങളും തന്റെ ഹ്രസ്വകാല രചനാ ജീവിതത്തിനുള്ളിൽ സൃഷ്ടിച്ചു എന്നത് ചില്ലറക്കാര്യമല്ല.
'സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും"
ഇതായിരുന്നു വയലാർ നൽകിയ ജീവിത സന്ദേശം. ബലികുടീരങ്ങളിൽ പണിതുയർത്തിയ വയലാർ എന്ന മഹാകവിയ്ക്ക് മരണമില്ല.
തൃഷ്ണയുടെ ചതുപ്പ് നിലങ്ങളേയും ദുരിതങ്ങളുടെ കൊടുങ്കാറ്റുകളേയും അതിജീവിക്കാൻ മനുഷ്യന് ഒരത്താണി വേണം. അതാണ് വയലാർ കവിത. മരിച്ചിട്ടും മരിക്കാതെ ജനഹൃദയങ്ങളിലെ നിറസാന്നിദ്ധ്യമായി അദ്ദേഹം ഇന്നും ജീവിക്കുന്നു.
(വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡന്റാണ്ലേഖകൻ)