അടുത്തദിവസത്തെ ആകാശവും കാലാവസ്ഥയും എങ്ങനെയായിരിക്കുമെന്ന് ആർക്കും പറയാനാകില്ല. സ്നേഹബന്ധങ്ങളും സൗഹൃദങ്ങളുമൊക്കെ അങ്ങനെയാണ്. ഇണങ്ങിയിരിക്കുമ്പോഴുള്ള പകൽ വെളിച്ചമായിരിക്കില്ല പിണങ്ങിക്കഴിയുമ്പോഴുള്ള കൂരിരുട്ട്. അടുപ്പത്തിൽനിന്ന് അകൽച്ചയിലേക്കുള്ള ദൂരം ഇന്നോളം ആരും അളന്നിട്ടില്ല. ചിലത് ഹ്രസ്വദൂരമായിരിക്കും. ചിലത് ദീർഘദൂരവും. കബീറും ഷാനവാസും തമ്മിലുള്ള സൗഹൃദം ദൃഢമായിരുന്നു. അയൽക്കാരാണ്. രണ്ടുപേരുടെയും കുടുംബാംഗങ്ങളും ഒരേ വീട്ടുകാരെപ്പോലെയാാണ് കഴിഞ്ഞുവന്നത്. പലർക്കും അതിൽ അസഹിഷ്ണുതയുണ്ടായിരുന്നു.
കബീറിന്റെ വീട്ടിലെ വളർത്തുതത്തയ്ക്ക് രണ്ടുവീട്ടുകാരും ഒരുപോലെ. സമയാസമയം ആഹാരം കൊടുക്കുന്നതിൽ കുട്ടികളും മുതിർന്നവരും മത്സരമായിരുന്നു. ഇരുവീട്ടുകാരും തങ്ങളുടെ ഒരു കുടുംബാംഗമായി ആ തത്തയെ കരുതിയിരുന്നു. പലരുടെയും ശബ്ദം അത് അനുകരിക്കുകയും ചെയ്യുമായിരുന്നു. വല്ലപ്പോഴും തുറന്നുവിടുമ്പോൾ അത് ഷാനവാസിന്റെ വീട്ടിൽ ചെന്നിരിക്കും. കഴിഞ്ഞ ജന്മത്തിലെ ഏതോ ഉറ്റ ബന്ധു തത്തയായി വന്നിരിക്കുകയാണെന്ന് കുടുംബാംഗങ്ങൾ വിശ്വസിച്ചു.
വളരെ നിസാരമായ എന്തോ കാര്യത്തിന് കബീറും ഷാനവാസും തമ്മിൽ തെറ്റി. സൗന്ദര്യപ്പിണക്കമായിരിക്കുമെന്ന് ആദ്യം രണ്ടുവീട്ടുകാരും കരുതി. അതു താനേ മാറിക്കൊള്ളും. പക്ഷേ പിണക്കം ആഴ്ചകൾ നീണ്ടപ്പോൾ ആ ധാരണതെറ്റി. ക്രമേണ ഓരോ അംഗങ്ങളും അതിൽപക്ഷം പിടിച്ചതോടെ പിണക്കത്തിന്റെ ആഴം കൂടി. നാട്ടുകാരിൽ പലർക്കും അത് രസിച്ചു. ഐക്യം, ഒരുമ എന്നൊക്കെ വാതോരാതെ പറയുമെങ്കിലും കുടുംബത്തിലായാലും പുറത്തായാലും അല്പസ്വല്പം സൗന്ദര്യപ്പിണക്കങ്ങളെ നട്ടുനനയ്ക്കുന്നവരും വളമിടുന്നവരുമാണ് കൂടുതൽ. കബീറിന്റെ വീട്ടിൽ ഒരു ദിവസം വനം വകുപ്പിന്റെ ജീപ്പ് വന്നു നിന്നു.
വീട്ടിൽ വിശേഷപ്പെട്ട തത്തയെ കൂട്ടിലടച്ചു വളർത്തുന്നു. അത് നിയമവിരുദ്ധമാണ്. തുറന്നുവിട്ടില്ലെങ്കിൽ നടപടിയെടുക്കേണ്ടിവരും. ഇത്രയും കാലം ഇല്ലാത്ത പരാതി പൊടുന്നനെ ഉയർന്നുവന്നതിന് പിന്നിലാരാണ്? പലതരം സംശയങ്ങൾ കബീറിന്റെ മനസിലൂടെ കടന്നുപോയി. നാട്ടുകാരിൽ ചിലർ ഊമക്കത്ത് അയച്ചിരുന്നുവെന്നും വന്നവർ പറഞ്ഞു. ഈ സംഭാഷണമെല്ലാം കേട്ട് കൂട്ടിൽ തത്ത ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടിരുന്നു. അതിന്റെ അർത്ഥം ആർക്കും പിടികിട്ടിയില്ല. നടപടിയൊന്നും വേണ്ട. തുറന്നുവിട്ടേക്കാം. പരാതിക്കാർക്ക് സമാധാനം കിട്ടട്ടെ. അല്പം നീരസത്തോടും ദുഃഖത്തോടും കബീർ കൂട് തുറന്നു. ഇതിനിടയിൽ മുറ്റത്ത് കൂടിയ ആളുകളെ അപരിചിതഭാവത്തിൽ നോക്കി എന്തോ പുലമ്പിക്കൊണ്ട് അതു വിശാലമായ ആകാശത്തേക്ക് പറന്നുപോയി. ആകാശം ഇരുളുന്നതുപോലെ കബീറിനും ആ തത്തയെ സ്നേഹിച്ചവർക്കും തോന്നി.
(ഫോൺ : 9946108220)