മുമ്പ് പലപ്പോഴായി പല കാരണങ്ങളാൽ മാറ്റിവയ്ക്കുവാൻ നിർബന്ധിതമായ ഒരു യാത്രയായിരുന്നു അത്. ഹോചിമിൻ എന്ന വിപ്ളവകാരിയുടെ വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമായ ഹോചിമിൻ സിറ്റിയിലേക്കായിരുന്നു ഇക്കുറി എന്റെയും സുഹൃത്ത് മുരുകന്റെയും യാത്ര. പഴയ സൈഗോൺ നഗരം. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയൊരു രാജ്യമാണ് വിയറ്റ്നാം. വിദേശസഞ്ചാരികളുടെ ഒഴുക്കിൽ പ്രത്യേകിച്ച് പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും ടൂറിസം വളരെയേറെ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു നാട്. ഇവിടെ ഒമ്പതോളം അന്തർദേശീയ വിമാനത്താവളങ്ങൾ ഉണ്ടെന്നത് ടൂറിസം ഭൂപടത്തിൽ ഇൗ രാജ്യത്തിന്റെ സ്ഥാനം ഒട്ടും പിന്നിലല്ല എന്ന് സൂചിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും തിരക്കേറിയതും വലുതുമായ വിമാനത്താവളമാണ് ഹോചിമിൻ അന്താരാഷ്ട്ര വിമാനത്താവളം. സിംഗപ്പൂരിലെ അതിബൃഹത്തായ ചാംഗി എയർപോർട്ടിൽ ഇറങ്ങി ഹോചിമിനിൽ എത്തുമ്പോൾ താരതമ്യേന ഒരു കുഞ്ഞുവിമാനത്താവളത്തിൽ എത്തിയ പ്രതീതിയാകും ഉണ്ടാവുക.
ഹോചിമിൻ സിറ്റി വിയറ്റ്നാമിലെ ഏറ്റവും തിരക്കേറിയതും ബൃഹത്തും തണൽമരങ്ങളാൽ സമ്പന്നമായ പച്ചപ്പിന്റെ നഗരമാണ്. ഇൗ നഗരം പല പല ഡിസ്ട്രിക്ടുകളായി തിരിച്ചിരിക്കുന്നു. ഇരുചക്രവാഹനങ്ങളുടെ കൂടി നഗരമാണിത്. ആധുനിക ലോകനഗരങ്ങളിൽ കാണുന്ന മെട്രോ ട്രെയിൻ യാത്രാ സംവിധാനം ഇപ്പോഴും ഇവിടെ അന്യമാണ്. പകരമോ ഹോട്ടലുകൾ നേരത്തെ ബുക്ക് ചെയ്യേണ്ട ആവശ്യം ഇൗ നഗരത്തെ സംബന്ധിച്ചിടത്തോളം തീരെ ഇല്ല. ഏത് തെരുവിലും ചെറുതും വലുതുമായ ഒട്ടേറെ ഹോട്ടലുകളുടെ ബാഹുല്യം തന്നെ കാണാം. ഒാൺലൈൻ ബുക്ക് ചെയ്യുന്നതിലും കുറഞ്ഞ നിരക്കിൽ ഇവിടെ നമ്മുടെ ആവശ്യാനുസരണം മുറികളും ഒറ്റയ്ക്ക് എത്തുന്ന സഞ്ചാരിക്ക് വളരെ തുച്ഛമായ നിരക്കിൽ ഹോസ്റ്റൽ സൗകര്യവുമുണ്ട്. ഇന്ത്യൻ രൂപയ്ക്ക് 325 ഒാളം വിയറ്റ്നാം കറൻസി ഡോങ്ക് കിട്ടും. നമ്മുടെ കുറച്ചു പതിനായിരങ്ങൾ ഉണ്ടെങ്കിൽ വിയറ്റ്നാമിൽ നിമിഷനേരം കൊണ്ട് ഒരു ഇന്ത്യാക്കാരൻ കോടീശ്വരൻ ആയി മാറും. ഇൗ കോടീശ്വരൻ പദവി ഇല്ലാതാകാൻ അധിക നേരവും വേണ്ട. വിനിമയ നിരക്ക് കുറവെന്നു കരുതി ഒന്നിനും വലിയ വിലക്കുറവ് പ്രതീക്ഷിക്കേണ്ട. യാത്രയിൽ യു.എസ് ഡോളർ കരുതുന്നത് നല്ലത്. ഒരു ഡോളറിന് 23000 ഡോങ്ക് കിട്ടും.
മലേഷ്യയിലോ തായ്ലാന്റിലോ സിംഗപ്പൂരോ കാണുവാൻ പറ്റുന്ന ഇന്ത്യാക്കാരുടെ ബാഹുല്യമൊന്നും വിയറ്റ്നാമിൽ കാണുകയില്ല. പ്രത്യേകിച്ച് മലയാളി സാന്നിദ്ധ്യം നന്നേ കുറവ് എന്നുതന്നെ പറയാം. എന്നാൽ വെള്ളക്കാരായ വിദേശികളെ എല്ലായിടത്തും കാണും. ഹോചിമിനിൽ യാത്ര ചെയ്യുവാൻ ഏറ്റവും സൗകര്യപ്രദവും ചെലവുകുറഞ്ഞതും ഗ്രാബ് ടാക്സി ആന്റ് മോട്ടോർ ബൈക്ക് സർവീസാണ്. ഒറ്റയ്ക്കുള്ള സഞ്ചാരിക്ക് ബൈക്ക് ടാക്സിയിൽ വളരെ കുറഞ്ഞ നിരക്കിൽ ഇൗ നഗരത്തിലെവിടെയുമെത്താം. ഹോചിമിൻ നഗരത്തിൽ തന്നെ ഇൻഡിപെൻഡന്റ് പാലസ്, ഒാപ്പറ ഹൗസ്, ഫ്രഞ്ച് നിർമ്മാണ ചാതുര്യത്തിൽ നോട്ടർ ഡാം കത്തീഡ്രൽ, ചരിത്രമ്യൂസിയം, യുദ്ധ മ്യൂസിയം, ബെൻതൻ മാർക്കറ്റ് എന്നീ കാഴ്ചകൾ ഉണ്ട്. അതിൽ തീർച്ചയായും കണ്ടിരിക്കേണ്ടത് യുദ്ധസ്മാരക മ്യൂസിയം തന്നെയാണ്. തെക്കൻ വിയറ്റ്നാമിലെ അമേരിക്ക വിയറ്റ്നാം പോരാട്ടത്തിന്റെ ഭീകരമുഖം ഇവിടെ കാണാം. കുട്ടികൾ ഉൾപ്പെടെ വടക്കൻ വിയറ്റ്നാം ഗറില്ലാ പോരാളികളുടെ പോരാട്ടവീര്യം ശരിക്കും അതിശയിപ്പിക്കും.
യുദ്ധത്തിന്റെ കെടുതികളും കണ്ണുനനയിപ്പിക്കും. യുദ്ധത്തിൽ അവശേഷിച്ചിട്ടുപോയ അമേരിക്കൻ ടാങ്കുകൾ, യുദ്ധവിമാനങ്ങൾ ഹെലികോപ്ടറുകൾ എല്ലാം സ്മാരകത്തിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഹോചിമിൻ സിറ്റിയിൽ അറുപത് കിലോമീറ്ററോളം വടക്കോട്ട് സഞ്ചരിച്ചാൽ വടക്കൻ വിയറ്റ്നാമിന്റെ ഗറില്ലാ കോംഗുകളും അമേരിക്കൻ സഖ്യസേനയും നേർക്കുനേർ പോരാടിയ കുച്ചി ടണലിൽ എത്താം. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ എത്തിയ തോന്നലല്ല, യുദ്ധമുഖത്തെത്തിയ പ്രതീതിയാണുണ്ടാവുക. ഹോചിമിനിൽ നിന്ന് തെക്കോട്ട് 70 കിലോമീറ്ററോളം യാത്ര ചെയ്ത് മേക്കോംഗ് ഡൽറ്റാ നദിയിലൂടെയുള്ള യാത്ര തീർച്ചയായും സന്ദർശിച്ചിരിക്കേണ്ടതു തന്നെയാണ്. മോക്കോംഗിന്റെ വീതികുറഞ്ഞ ഉപനദികളിൽ തിങ്ങി നിറഞ്ഞ കണ്ടൽക്കാടുകൾക്കിടയിലൂടെയുള്ള യാത്ര തികച്ചും വ്യത്യസ്ത അനുഭവം തന്നെയാണ്. സ്ത്രീകൾ തുഴയുന്ന വള്ളങ്ങൾ, ഇതിനിടയിൽ ചെറിയ ദ്വീപുകൾ, എല്ലാംകൂടി ഒരുദിനം തികച്ചും ആനന്ദപ്രദമാകും മേക്കോംഗ് യാത്ര. ഈ യാത്രകൾക്ക് നമ്മൾ ഓൺലൈനിൽ മുൻകൂട്ടി ചെയ്യുന്നതിന്റെ മൂന്നിൽ ഒന്ന് നിരക്കിൽ ടൂർ ഓപ്പറേറ്റർമാർ ലഭ്യമാക്കും. മോക്കോംഗ് ടൂർ ഓൺലൈൻ ആയി ചെയ്യുന്നെങ്കിൽ 2300 മുതൽ 3000 വരെ ഈടാക്കുന്ന അവസരത്തിൽ നേരിട്ട് ടൂർ ഓപ്പറേറ്റർമാരെ സമീപിച്ചാൽ നമ്മുടെ 700- 800 രൂപയ്ക്ക് ഈ പാക്കേജുകൾ ലഭിക്കും.
24 മണിക്കൂർ സമയം എത്ര തവണ വേണമെങ്കിലും ഹോചിമിൻ സിറ്റിയിലെ പല ഡിസ്ട്രിക്ടുകളിലായി കിടക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ Hope on - Hop off ബസ് ടിക്കറ്റുകൾ ഒരാൾക്ക് നമ്മുടെ 1000/- രൂപയോളം ചെലവിൽ ലഭിക്കും. ഈ ബസ് ഇത്തരം ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് സർവീസ് നടത്തുന്നത്. ഓരോയിടത്തും ഇറങ്ങി കാഴ്ചകൾ കണ്ട് ഈ സ്റ്റോപ്പിൽ കാത്തിരുന്നാൽ ഓരോ അരമണിക്കൂർ ഇടവിട്ടും കറങ്ങിവരുന്ന ഏത് ബസ്സിലും കയറി നഗരം മുഴുവനും യാത്ര ചെയ്യാം. എന്നാൽ, അനുഭവത്തിൽ ഇതിനേക്കാൾ ചെലവ് ചുരുക്കി ബൈക്ക് ടാക്സി പിടിച്ചാണ് യാത്രയെങ്കിൽ ഇതിന്റെ നാലിലൊന്ന് തുകയേ ചെലവാകുകയുള്ളൂ.
വിയറ്റ്നാമിലെ ഏറ്റവും വികസിതവും ആധുനികവുമായ നഗരമാണ് ഹോചിമിൻ സിറ്റി. ഞങ്ങൾ സഞ്ചരിച്ച തെക്കൻ ഗ്രാമീണ വിയറ്റ്നാം വികസന മുരടിപ്പിലാണ് ഇപ്പോഴും. ഇരുപത് വർഷം മുമ്പത്തെ ഒരു കേരളീയ ഗ്രാമത്തെ അനുസ്മരിപ്പിക്കും ഇവിടത്തെ ഗ്രാമങ്ങൾ. നന്നേ വികസനമുള്ള തെക്കൻ വിയറ്റ്നാമിലെ കാഴ്ചയാണിത്. വിയറ്റ്നാമിലെ കർഷക ഗ്രാമങ്ങളിൽ മരണപ്പെടുന്ന കുടുംബാംഗങ്ങളെ അവിടെ സംസ്കരിച്ച് അവരുടെ സ്മാരകം കൃഷിയിടങ്ങളിൽ തന്നെ പണികഴിപ്പിച്ചിരിക്കുന്നത്. പല കൃഷിയിടങ്ങളിലും ഒന്നിലേറെ സ്മാരകങ്ങൾ കാണുവാൻ സാധിക്കും. ആറുദിവസത്തെ ഹോചിമിൻ യാത്ര ഒട്ടുമേ വിരസമല്ലായിരുന്നു. ആകെ നേരിട്ട പ്രതിസന്ധി ആംഗലേയ ഭാഷയോടുള്ള ഇവരുടെ സമീപനം തന്നെ. ഇംഗ്ളീഷ് ഭാഷ ഉപയോഗിച്ച് യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. അതിനാൽ ടൂറിസ്റ്റുകൾ വരുന്നത് പാക്കേജ് ടൂറിലാണ്. ഗൈഡിന്റെ സേവനം ഇല്ലാതെ കൂടുതൽ ദിവസം തങ്ങി യാത്ര ചെയ്യാൻ സാധിക്കില്ല എന്നത് ന്യൂനതയാണ്. കഴിഞ്ഞ തവണ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലൂടെ സഞ്ചരിച്ചപ്പോൾ ഉണ്ടായ ഒരു യാത്ര മുരടിപ്പൊന്നും ഹോചിമിനിൽ അനുഭവപ്പെടില്ല. ഒരിക്കലെത്തിയാൽ ഹോചിമിന്റെ ഈ നാട് വീണ്ടുമെത്താൻ മോഹിപ്പിക്കും.
(ലേഖകന്റെ ഫോൺ നമ്പർ:9037545565)