മുംബയ്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയം നേടിയതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ബി.ജെ.പി നയിക്കുന്ന സഖ്യം മഹാരാഷ്ട്രയിൽ ഉറപ്പുള്ള ഒരു സർക്കാരിന് രൂപം നൽകുമെന്നും ദീപാവലി ദിവസം സർക്കാർ രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ദീപാവലിയുമായി ബന്ധപ്പെട്ടുള്ള ഒരു ചടങ്ങിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്. മഹാരാഷ്ട്ര സർക്കാരിൽ 50-50 പ്രാതിനിധ്യം വേണമെന്ന് ശിവസേന വാശി പിടിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വരുന്നത്.
'തിരഞ്ഞെടുപ്പിൽ കൃത്യമായ ഭൂരിപക്ഷത്തോടെയാണ് ജനങ്ങൾ ബി.ജെ.പി,ശിവസേന, ആർ.പി.ഐ, ആർ.എസ്.പി, ശിവ് സംഗ്രാം എന്നീ പാർട്ടികളെ വിജയിപ്പിച്ചത്. ജനവിധിയെ ബഹുമാനിക്കുക തന്നെ വേണം. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചത് ബി.ജെ.പിയാണ് നിയമസഭാ കക്ഷി നേതാവിനെ ദീപാവലിക്ക് ശേഷം ഞങ്ങൾ തിരഞ്ഞെടുക്കും. പുതിയ സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് അതിന് ശേഷം അധികം വൈകാതെ തന്നെ ഉണ്ടാകും.' ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ ഇതാദ്യമായാണ് ഇത്രയും കൂടുതൽ വിജയശതമാനത്തോടെ ബി.ജെ.പി ജയം നേടുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.
സർക്കാർ രൂപീകരിക്കുമ്പോൾ 50:50 ഫോർമുല നടപ്പാക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ശിവസേനയുമായി സഖ്യമുണ്ടായിരുന്നെങ്കിലും കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകൾ ഒറ്റയ്ക്ക് പിടിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുമായി ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ കൂടിക്കാഴ്ചയിൽ 50:50 എന്ന ഫോർമുല അംഗീകരിച്ചതാണെന്നും ഇപ്പോൾ അത് നടപ്പാക്കാനുള്ള സമയമായെന്നും ഉദ്ധവ് പറഞ്ഞിരുന്നത്.